Exclusive-Maoists got Forest departments secret documents about tribal colony

നിലമ്പൂര്‍: കാട്ടിനുള്ളിലെ ആദിവാസി കോളനികളെക്കുറിച്ചും അവരുടെ അംഗസംഖ്യയും അവിടെ എത്തിച്ചേരാനുള്ള ജി.പി.എസ് റീഡിങ്ങ് വിവരങ്ങളുമടക്കമുള്ള വനംവകുപ്പിന്റെ രഹസ്യരേഖകള്‍ മാവോയിസ്റ്റുകളുടെ പക്കല്‍.

വനംവകുപ്പ് ഓഫീസില്‍ സൂക്ഷിക്കേണ്ട അതീവ പ്രാധാന്യമുള്ള രേഖയാണ് നിലമ്പൂര്‍ കരുളായി ഉള്‍വനത്തിലെ മാവോയിസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നും ലഭിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെ ഈ രേഖകള്‍ മാവോയിസ്റ്റുകള്‍ക്ക് ലഭിക്കില്ലെന്നതാണ് അതീവ ഗൗരവകരം.

maoi

കരുളായി ഉള്‍വനത്തില്‍ വരയന്‍മലയില്‍ എട്ടുമാസത്തോളം മാവോയിസ്റ്റുകള്‍ ബേസ് ക്യാമ്പുണ്ടാക്കി താവളമടിച്ചത് അറിഞ്ഞില്ലെന്നായിരുന്നു വനംവകുപ്പ് വ്യക്തമാക്കിയിരുന്നത്. ബേസ് ക്യാമ്പില്‍ തണ്ടര്‍ ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയും മരണപ്പെടുന്നത് വരെ ഈ താവളം അറിയില്ലെന്ന നിലപാടായിരുന്നു വനംവകുപ്പ്.

എന്നാല്‍ ഇപ്പോള്‍ വനം വകുപ്പിന്റെ രഹസ്യ രേഖകള്‍ മാവോയിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്തതോടെ മാവോയിസ്റ്റുകള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും സഹായം ലഭിച്ചെന്നതു വ്യക്തമായിരിക്കുകയാണ്.

കരുളായി റെയ്ഞ്ചിലെയും കാളികാവ് റെയ്ഞ്ചിലെയും ആദിവാസി കോളനികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ രേഖയാണ് മാവോയിസ്റ്റുബേസ് ക്യാമ്പില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. കരുളായി റെയ്ഞ്ചിലെ ഉള്‍വനത്തിലുള്ള മാഞ്ചീരി, നെടുങ്കയം, മുണ്ടക്കടവ്, ഉച്ചക്കുളം, തീക്കടവ് കോളനികളുടെയും കാളികാവ് റെയ്ഞ്ചിലെ പാട്ടക്കരിമ്പ്, ചിങ്കക്കല്ല്, ചേനപ്പാടി, അച്ചനള, തൊളപ്പന്‍കൈ, മണ്ണാര്‍മല (ചീനിക്കപ്പാറ) അടക്കം 11 കോളനിയുടെ വിവരങ്ങളാണുള്ളത്. കോളനിയിലെ ജനസംഖ്യ, ആണ്‍, പെണ്‍, കുട്ടികള്‍, വിസ്തൃതി, ജി.പി.എസ് റീഡിങ് എന്നിവ അടങ്ങുന്ന വിവരങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് കൈമാറിയത്.

mao

ഈ രേഖകള്‍ ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ കോളനികളിലെത്തിയിരുന്നതെന്നാണ് കരുതുന്നത്. നേരത്തെ മാവോയിസ്റ്റുകള്‍ പൂക്കോട്ടുമ്പാടം ടി.കെ കോളനിക്കടുത്ത രണ്ടു വനം ഔട്ട് പോസറ്റുകള്‍ ആക്രമിച്ച് തീയിട്ടിരുന്നെങ്കിലും അവിടെനിന്നും ലഭിച്ചതല്ല രേഖകളെന്നു വ്യക്തമാണ്. വനം ഔട്ട് പോസ്റ്റില്‍ ഇത്തരം രേഖകള്‍ സൂക്ഷിക്കാറില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയ സി.പി.ഐയെ തിരിഞ്ഞുകുത്തുന്നതാണ് വനം വകുപ്പ് രഹസ്യരേഖകള്‍ മാവോയിസ്റ്റുകള്‍ക്കു നല്‍കിയെന്ന വിവരം. സി.പി.ഐ മന്ത്രി രാജുവിന്റെ കീഴിലുള്ള വനം വകുപ്പിന്റെ വീഴ്ച മാവോയിസ്റ്റ് വേട്ടയില്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും ബിനോയ് വിശ്വത്തെയും വെട്ടിലാക്കുന്നതാണ്.

റിപ്പോര്‍ട്ട് : എം പി വിനോദ്

Top