ചാനലുകൾ ബഹിഷ്ക്കരിക്കാൻ താരങ്ങൾ ഒരുങ്ങുന്നു, ഏകപക്ഷീയമായി ആക്രമിച്ചു !

കൊച്ചി: ദിലീപ് വിഷയം കൈകാര്യം ചെയ്ത രീതിയോടുള്ള പ്രതിഷേധമായി ഇനി ചാനല്‍ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടില്‍ ഒരു വിഭാഗം താരങ്ങള്‍.

മമ്മുട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ ബഹുഭൂരിപക്ഷം താരങ്ങളും ഈ നിലപാടിലാണെന്നാണ് സൂചന.

ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ, കുറ്റം തെളിയുന്നതിനു മുന്‍പ് കൊടും ക്രിമിനലാക്കി ശിക്ഷ വിധിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണവര്‍.

തങ്ങള്‍ എപ്പോഴും സഹകരിക്കുന്ന ചാനലുകള്‍ കോടതി വിധി വരുന്നതു വരെ കാത്ത് നില്‍ക്കാന്‍ ക്ഷമയില്ലാതെ ഏകപക്ഷീയമായി ദിലീപിനെ ആക്രമിച്ചത് ശരിയായില്ലെന്ന് പ്രമുഖ താരം പറഞ്ഞു.

താരസംഘടനയായ അമ്മയുടെ നേതൃസ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ മമ്മുട്ടിയും മോഹന്‍ലാലും തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ചാനല്‍ പരിപാടികള്‍ ബഹിഷ്‌ക്കരിക്കാനുള്ള അനൗദ്യോഗിക തീരുമാനം.

പ്രമോഷന് പുതിയ കാലത്ത് സോഷ്യല്‍ മീഡിയകള്‍ തന്നെ ധാരാളമെന്നാണ് വിശദീകരണം.

ദിലീപിന്റെ നിരപരാധിത്വം ബോധ്യപ്പെടുന്നതോടെ സംഘടിതമായി യോഗം വിളിച്ച് തീരുമാനമെടുക്കാനാണ് നീക്കമത്രെ.

ദിലീപിന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ നടന്‍ പ്രിഥ്വിരാജ്, രമ്യാ നമ്പീശന്‍ എന്നിവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തിറങ്ങാനും ഇവര്‍ക്കിടയില്‍ ആലോചനയുണ്ട്.

ദിലീപുമൊത്ത് സിനിമയില്‍ അഭിനയിക്കില്ലെന്ന് തുറന്നടിച്ച നടന്‍ ആസിഫ് അലി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്നീട് നിലപാട് മാറ്റി പറഞ്ഞിരുന്നു.

പ്രമുഖ സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ളവര്‍ പരസ്യമായി തന്നെ ദിലീപിന് അനുകൂലമായി ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.

അതേ സമയം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം കിട്ടിയില്ലെങ്കിലും ഹൈക്കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപിന്റെ ബന്ധുക്കള്‍.

Top