ആ ‘സൂപ്പര്‍’ നാലുവരികള്‍ ബെന്നിയുടെ മകളുടെ ‘വെളിപാടിന്റെ പുസ്തകത്തില്‍’നിന്നുയര്‍ന്നത്‌ !

കൊച്ചി: കേരളം കടന്ന് തമിഴകം കീഴടക്കി അങ്ങ് അമേരിക്കയില്‍ വരെ എത്തി ചരിത്രം സൃഷ്ടിച്ച ഒരേ ഒരു മലയാള സിനിമാ ഗാനമേയുള്ളൂ ,അതാണ് ജിമിക്കിക്കമ്മല്‍ . .

‘എന്റമ്മേടെ ജിമിക്കിക്കമ്മല്‍ . . എന്റപ്പന്‍ കട്ടോണ്ട് പോയി’

ഓണത്തിനിറങ്ങിയ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ഈ സൂപ്പര്‍ ഹിറ്റ് ഗാനത്തിലെ ശ്രദ്ധേയമായ ആദ്യത്തെ നാലു വരികള്‍ ‘സംഭാവന’ ചെയ്തത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകള്‍ സൂസന്നയാണ്.

ഞാറയ്ക്കല്‍ പെരുമ്പള്ളി അസീസി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൂസന്നക്ക് സ്‌കൂളിലെ സഹപാഠികളില്‍ നിന്നും കിട്ടിയ ഗാനം ബെന്നിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ചെണ്ടയുടെ താളത്തിലുള്ള പാട്ട് ബെന്നിക്ക് കേട്ട മാത്രയില്‍ തന്നെ ഇഷ്ടമായി.

ഈ പാട്ട് ബെന്നിയിലൂടെ കേട്ട സംവിധായകന്‍ ലാല്‍ ജോസ് വിവരം വീട്ടില്‍ പറഞ്ഞപ്പോള്‍ ലാല്‍ ജോസിന്റെ മകളും സ്‌കൂളില്‍ നിന്നും ഇത്തരമൊരു പാട്ടിന്റെ വരികള്‍ കേട്ടതായി ലാലിനോട് പറഞ്ഞു.

പിന്നെ മറ്റൊന്നും ആലോചിച്ചില്ല വെളിപാടിന്റെ പുസ്തകത്തിലെ കാമ്പസ് ഗാനത്തില്‍ ഈ വരികള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

വരികള്‍ കോര്‍ത്തിണക്കി അനില്‍ പനച്ചൂരാന്‍ ഗാനം ചിട്ടപ്പെടുത്തുകയും ഷാന്‍ റഹ്മാന്‍ കിടിലന്‍ താളങ്ങള്‍ നല്‍കുക കൂടി ചെയ്തതോടെ സംഗതി ജോറായി. നടന്‍ വിനീത് ശ്രീനിവാസനും സംഘവുമാണ് ഗാനം ആലപിച്ചത്.
21763709_2003882979847566_330201033_n
പാട്ട് ഹിറ്റാവുമെന്ന് സിനിമാ അണിയറ പ്രവര്‍ത്തകര്‍ക്ക് കേട്ട മാത്രയില്‍ തന്നെ തോന്നിയിരുന്നെങ്കിലും ഇത്രയും വലിയ ‘പിടുത്തം വിട്ട’ ഹിറ്റാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

‘ഏതോ പാവം വിദ്യാര്‍ത്ഥിയുടെ അമ്മയുടെ ജിമിക്കികമ്മല്‍ അപ്പന്‍ കട്ടോണ്ട് പോയിട്ടുണ്ടാവുമെന്നും മദ്യവുമായി വന്ന അപ്പന്റെ ബ്രാണ്ടിക്കുപ്പി കുടിച്ച് അമ്മ ചിലപ്പോള്‍ ‘പകരം’ വീട്ടിയിട്ടുണ്ടായേക്കുമെന്നും ഇതു നേരില്‍ കണ്ട വിദ്യാര്‍ത്ഥി പാടിയ പാട്ടായിരിക്കും ഇതെന്നുമാണ് ‘ സിനിമാ അണിയറ പ്രവര്‍ത്തകരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നത്.

യു ട്യൂബില്‍ അപ് ലോഡ് ചെയ്ത ഒറിജിനലിനെ ഞെട്ടിച്ച് തരംഗമായി പടര്‍ന്ന് കയറിയത് കൊച്ചിയിലെ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഗാനത്തിന്റെ താളത്തിനൊത്ത് നൃത്തംവച്ച വീഡിയോ യുട്യൂബില്‍ അപ് ലോഡ് ചെയ്തതോടെയാണ്.

തമിഴക മനസ്സില്‍ ആവേശമുയര്‍ത്തിയ ഈ വീഡിയോ നീറ്റിനെതിരെ തമിഴകത്ത് നടക്കുന്ന പ്രക്ഷോഭത്തിന്റെ ‘തീ’കെടുത്തുന്നതില്‍ വരെ എത്തി കാര്യങ്ങള്‍.

സാമൂഹിക പ്രസക്തി ഉയര്‍ത്തി തങ്ങള്‍ നടത്തുന്ന സമരത്തിന് കേരളത്തില്‍ നിന്നും വന്ന ‘ജിമിക്കിക്കമ്മല്‍’ പാര ആയതിലുള്ള വിഷമം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാണ് സമരക്കാര്‍ തീര്‍ത്തത്.

തീര്‍ന്നില്ല . . . കടല്‍ കടന്ന് അമേരിക്ക വരെ എത്തി ‘ജിമിക്കിക്കമ്മലി’ന്റെ പെരുമ. പ്രശസ്ത അമേരിക്കന്‍ ചാനല്‍ അവതാരകനായ ജിമ്മി കിമ്മല്‍ തന്നെ തന്റെ പേരിനോട് സാമ്യമുള്ള ഷെറിളും അന്നയും അടങ്ങുന്ന ടീം അവതരിപ്പിച്ച വീഡിയോ ഷെയര്‍ ചെയ്ത് അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഗാനം അമേരിക്കയിലും വൈറലായത്.

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപികമാരും പ്രാക്ടീസ് ചെയ്യുന്ന ദൃശ്യമാണ് കൊച്ചി സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അദ്ധ്യാപകന്‍ മിഥുന്‍ പോസ്റ്റ് ചെയ്തത്.

നാല്‍പതോളം പേര്‍ പങ്കെടുത്ത ഗാന രംഗത്തില്‍ താരമായത് അദ്ധ്യാപികയായ ഷെറിലാണ്. മറ്റൊരാള്‍ അന്ന. മുന്‍ നിരയില്‍ കളിച്ച രണ്ടു പേരും സെന്റ് തെരാസസ് കോളജിലെ സഹപാഠികളാണ്.
21-640x360
ഇവിടെ ജോലിക്ക് കയറിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ഓണാഘോഷത്തിന്റെ ഭാഗമായി വെറും രണ്ടുമണിക്കൂര്‍ മാത്രമായിരുന്നു പ്രാക്ടീസ്.

ഈ തകര്‍പ്പന്‍ ചുവടുകള്‍ ക്യാമറയില്‍ പകര്‍ത്തിയതും എഡിറ്റ് ചെയ്തതും കോളജിലെ തന്നെ ഗ്രാഫിക് ഡിസൈനറായ ശ്യാമാണ്.

അപ് ലോഡ് ചെയ്ത് ഒരാഴ്ചക്കകം 30 ലക്ഷം പേര്‍ കണ്ട തകര്‍പ്പന്‍ പ്രകടനം ഇതിനകം 13 മില്യണ്‍ പേര്‍ കണ്ടു കഴിഞ്ഞു. (മറ്റുള്ളവര്‍ വീണ്ടും പോസ്റ്റ് ചെയ്ത ഇതേ ഗാന രംഗങ്ങളും ഇതിനകം ലക്ഷങ്ങള്‍ കണ്ടു കഴിഞ്ഞു). ഈ ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഇതുവരെ കണ്ടത് 15 മില്യണ്‍ ആളുകളാണ്. ഈ പോക്ക് പോവുകയാണെങ്കില്‍ ഒറിജിനലിനെ ഉടനെതന്നെ കടത്തിവെട്ടും ഷെറിളും ടീമും.

സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ ഷെറിളിന്റേയും അന്നയുടേയും നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ ഗാനരംഗം സിനിമയില്‍ നിന്ന് വ്യത്യസ്തമായ താളവും മെയ് വഴക്കവും ആവിഷ്‌ക്കരിക്കുന്നതായിരുന്നുവെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറഞ്ഞു.

ഏറ്റവും ഭംഗിയായി ചുവടു വയ്ക്കാനും അതുവഴി ഈ ഗാനത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും വഴിയൊരുക്കിയതില്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഷെറിളും അന്നയും അടങ്ങുന്ന ടീം നല്ലരൂപത്തില്‍ നൃത്താവിഷ്‌ക്കരണം ചെയ്തതായി ‘ജിമിക്കി കമ്മലി’ന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ പറഞ്ഞു. ഒറിജിനലിന്റെ വ്യൂവേഴ്‌സിന് ഒപ്പം തന്നെ ഇവരുടെ ഗാനാവിഷ്‌ക്കരണം എത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് : സൗമ്യ രഞ്ജിത്ത്

Top