ഇന്ത്യയെ വിറപ്പിച്ച് അയര്‍ലന്‍ഡ്, അവസാന പന്ത് വരെ ആവേശം; ഒടുവില്‍ പരമ്പര ജയം

ഡബ്ലിൻ: അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവിൽ അയർലൻഡിനെ നാല് റൺസിന് തോൽപ്പിച്ച് ഹർദിക്കും കൂട്ടരും. അവസാന പന്തിൽ ആറ് റൺസ് ആണ് അയർലൻഡിന് വേണ്ടിയിരുന്നത്. എന്നാൽ ഉമ്രാൻ മാലിക്ക് വിട്ടുനൽകിയത് രണ്ട് റൺസും. 226 റൺസ് പിന്തുടർന്ന അയർലൻഡിന്റെ പോരാട്ടം 221ൽ അവസാനിച്ചു.

രണ്ടാം മത്സരത്തിലും മികവ് തുടർന്ന് സെഞ്ചുറി കുറിച്ച ദീപക് ഹൂഡയാണ് കളിയിലേയും പരമ്പരയിലേയും താരം. കൂറ്റൻ വിജയ ലക്ഷ്യം മുൻപിൽ വെച്ച് ഇറങ്ങിയ അയർലൻഡിന് തകർപ്പൻ തുടക്കമാണ് സ്റ്റിർലിങ്ങും ബൽബിറിനിയും ചേർന്ന് നൽകിയത്. പവർപ്ലേക്കുള്ളിൽ സ്റ്റിർലിങ് പുറത്താവുമ്പോൾ തന്നെ അയർലൻഡ് സ്‌കോർ 72ൽ എത്തി. 18 പന്തിൽ നിന്ന് 5 ഫോറും മൂന്ന് സിക്‌സും പറത്തിയാണ് സ്റ്റിർലിങ് മടങ്ങിയത്. ബാൽബിറിനി 37 പന്തിൽ നിന്ന് 60 റൺസ് എടുത്തു. ഏഴ് സിക്‌സ് താരത്തിന്റെ ബാറ്റിൽ നിന്ന് വന്നു.

ജോർജ് ഡോക്‌റെല്ലിന്റേയും മാർക്ക് അഡെയ്‌റിന്റേയും അവസാന ഓവറുകളിലെ ബാറ്റിങ് ആണ് അയർലൻഡിനെ വിജയ ലക്ഷ്യത്തോട് അടുപ്പിച്ചത്. ഡോക്‌റെൽ 16 പന്തിൽ നിന്ന് 34 റൺസും അഡെയ് 12 പന്തിൽ നിന്ന് 23 റൺസും നേടി. ഇന്ത്യൻ ബൗളർമാരിൽ ഭുവി, ഹർഷൽ, രവി ബിഷ്‌നോയ്, ഉമ്രാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Top