അവസാന ഓവര്‍ വരെ ആവേശം; ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

മിര്‍പുര്‍: പരിക്കിനെ വകവയ്ക്കാതെ പൊരുതിയ ഹിറ്റ്മാന്റെ വെടിക്കെട്ടിനെ അതിജീവിച്ച് രണ്ടാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരിക്കേറ്റതിനാല്‍ ഓപ്പണിംഗിന് എത്താതിരുന്ന രോഹിത് ശര്‍മ അവസാന ഓവറുകളില്‍ എത്തി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ തോല്‍വി ഒഴിവാക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. 28 പന്തില്‍ 51 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടി ബാറ്റിംഗിലും നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി ബൗളിംഗിലും കരുത്ത് കാണിച്ച മെഹ്ദി ഹസനാണ് ബംഗ്ലാദേശിന് എക്കാലവും ഓര്‍മ്മിക്കാന്‍ സാധിക്കുന്ന ഒരു പരമ്പര വിജയം നേടിക്കൊടുത്തത്.

സെഞ്ചുറിക്കൊപ്പം മെഹ്ദി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ബാറ്റിംഗ് പ്രതികൂലമായ പിച്ചില്‍ ഇന്ത്യക്ക് മുന്നില്‍ 272 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ഉയര്‍ത്തിയത്. എന്നാല്‍, ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ 266 റണ്‍സിന് അവസാനിച്ചു. ഹിറ്റ്മാനെ കൂടാതെ 82 റണ്‍സെടുത്ത ശ്രേയ്യസ് അയ്യരും 56 റണ്‍സെടുത്ത അക്സര്‍ പട്ടേലും മാത്രമാണ് ഇന്ത്യക്ക് വേണ്ടി പൊരുതിയത്. ബംഗ്ലാദേശിന് വേണ്ടി നസും അഹമ്മദും എബാഡോട്ട് ഹുസൈനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പേരിലെ പെരുമ ആവോളമുള്ള മുന്‍നിരയുടെ തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ മറുപടി ബാറ്റിംഗ് തുടങ്ങിയത്. പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരം ശിഖര്‍ ധവാനൊപ്പം വിരാട് കോലിയാണ് ഓപ്പണിംഗ് വിക്കറ്റില്‍ എത്തിയത്. വന്ന വേഗത്തില്‍ തന്നെ കിംഗ് കോലി തിരികെ മടങ്ങി. എബഡോട്ട് ഹുസൈനായിരുന്നു വിക്കറ്റ്. സീനിയര്‍ താരമായ ശിഖര്‍ ധവാനും പോരാട്ടം ഒന്നും കൂടാതെ മുസ്താഫിസുറിന് വിക്കറ്റ് നല്‍കി മടങ്ങി. കോലി ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്തും ധവാന്‍ 10 പന്തില്‍ എട്ട് റണ്‍സെടുത്തുമാണ് പുറത്തായത്.

ഇരുവരും പുറത്തായപ്പോള്‍ 13 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ശ്രേയസ് അയ്യര്‍ – വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സുന്ദറിന് അധികം ആയുസ് ഉണ്ടായില്ല. 19 പന്തില്‍ 11 റണ്‍സ് എടുത്ത വാഷിംഗ്ടണ്‍ സുന്ദറിനെ ഷാക്കിബ് മടക്കി. കെ എല്‍ രാഹുലിനും ബംഗ്ലാദേശ് ബൗളിംഗ് നിര അധികം അവസരം നല്‍കിയില്ല. 14 റണ്‍സ് മാത്രമെടുത്ത് രാഹുല്‍ തിരികെ ഡഗ് ഔട്ടിലെത്തി.

ഒരറ്റത്ത് ശ്രേയ്യസ് അയ്യര്‍ ഉറച്ച് നിന്നതാണ് ഇന്ത്യക്ക് ആകെ പ്രതീക്ഷയുണ്ടായിരുന്നത്. അക്സര്‍ പട്ടേലും ഒത്തുചേര്‍ന്നതോടെ ഇന്ത്യ വിജയം സ്വപ്നം കണ്ടുതുടങ്ങി. സെഞ്ചുറിയിലേക്ക് എന്ന് തോന്നിച്ച ഇന്നിംഗ്സിന് ഒടുവില്‍ ശ്രേയ്യസ്, മെഹ്ദി ഹസന് മുന്നില്‍ വീണു. ബാറ്റിംഗിന് പ്രയാസമുള്ള പിച്ചില്‍ 102 പന്തില്‍ ആറ് ഫോറുകളും മൂന്ന് സിക്സറും പായിച്ചാണ് ശ്രേയ്യസ് 82 റണ്‍സ് അടിച്ചെടുത്തത്. ബംഗ്ലാദേശിന്റെ കടുത്ത ബൗളിംഗിന് മുന്നില്‍ പൊരുതി നിന്ന അക്സര്‍ പട്ടേലും പിന്നാലെ മടങ്ങി. 56 പന്തില്‍ അത്രയും റണ്‍സ് തന്നെയായിരുന്നു അക്സറിന്റെ സമ്പാദ്യം. ഷര്‍ദുല്‍ താക്കൂറും മടങ്ങിയതോടെ പരിക്കേറ്റ രോഹിത് ശര്‍മ ക്രീസിലെത്തി.

ഇതോടെ ഇന്ത്യ ഒന്ന് ഉണര്‍ന്നു. മെഹ്ദിയെ രണ്ട് സിക്സും ഒരു ഫോറും പറത്തിയ രോഹിത് ടോപ്പ് ഗിയറിലേക്ക് മാറി. എന്നാല്‍, സിറാജിനെ മറുവശത്ത് നിര്‍ത്തി മനോഹരമായി പന്തെറിഞ്ഞ മുസ്താഫിസുര്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി നല്‍കി. മഹ്‍മദ്ദുള്ളയെ കടന്നാക്രമിച്ച രോഹിത് വീണ്ടും ഇന്ത്യയുടെ പ്രതീക്ഷയുടെ തിരിനാളം കത്തിച്ചു. രണ്ട് തവണ രോഹിത് നല്‍കിയ അവസരം താഴെയിട്ട് ബംഗ്ലാദേശ് ഫീല്‍ഡര്‍മാരും അവര്‍ക്ക് സാധിക്കുന്ന പോലെ സഹായം നല്‍കി.

അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടത്. രണ്ട് ഫോറുകളും ഒരു സിക്സും പായിച്ച രോഹിത് ഒരു പന്തില്‍ ആറ് റണ്‍സെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. പക്ഷേ, അവസാന പന്തില്‍ മുസ്താഫിസുര്‍ രോഹിത്തിനെ സിക്സ് അടിക്കാന്‍ അനുവദിക്കാതിരുന്നതോടെ ബംഗ്ലാദേശ് വിജയം പേരിലെഴുതുകയായിരുന്നു.

നേരത്തെ, ധാക്ക ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് ആതിഥേയര്‍ അടിച്ചെടുത്തത്. മെഹ്ദി ഹസന്‍ മിറാസിന്റെ (100) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മഹ്മുദുള്ളയുടെ (77) ഇന്നിംഗ്‌സും നിര്‍ണായകമായി. വാഷിംഗ്ടണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Top