ലഹരി ഉപയോഗം; സിനിമാ ലൊക്കേഷനുകളില്‍ എക്സൈസ് പരിശോധന നടത്തി

സിനിമാ ലൊക്കേഷനുകളില്‍ ലഹരി മരുന്ന് പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസം ചില ലൊക്കേഷനുകളില്‍ അപ്രതീക്ഷിത പരിശോധന നടത്തിയതായി എക്‌സൈസ് പറഞ്ഞു. അതേസമയം ഇനി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും എക്‌സൈസ് അറിയിച്ചു.

സിനിമാ ലൊക്കേഷനില്‍ ലഹരി മരുന്ന് പരിശോധന വേണമെന്ന് നേരത്തെ നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് താര സംഘടനയായ അമ്മയും ഈ ആവശ്യം അംഗീകരിച്ചിരുന്നു. മാത്രമല്ല നിര്‍മ്മാതാക്കള്‍ പരിശോധന ആവശ്യപ്പെട്ടാല്‍ സഹകരിക്കാന്‍ താരങ്ങള്‍ തയ്യാറാവണമെന്ന് ഇടവേള ബാബുവും പറഞ്ഞിരുന്നു.

ലൊക്കേഷനിലെ അധിപന്‍ നിര്‍മ്മാതാവാണെന്നും നിര്‍മ്മാതാവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണെന്നും ഇടവേള ബാബു പറഞ്ഞു. താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നത് പരസ്യമായ രഹസ്യമാണെന്ന് എക്സിക്യൂട്ടീവ് അംഗം ബാബുരാജും പ്രതികരിച്ചിരുന്നു.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്നും ആരോപണത്തെ കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണമെന്നും സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനും പറഞ്ഞിരുന്നു. സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും എ.കെ ബാലന്‍ പറഞ്ഞു.

Top