Excise should have an authority to arrest drunk and drive people; Rishiraj singh

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ എക്‌സൈസിന് അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങും.

രാജ്യത്തെ നഗരങ്ങളിലെ ലഹരിമരുന്നുപയോഗത്തില്‍ കൊച്ചിയുടെ സ്ഥാനം മൂന്നാമതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് കഞ്ചാവിന്റെയും മറ്റ് ലഹരി മരുന്നുകളുടെയും ഉപയോഗം വര്‍ദ്ധിച്ചതായി കണക്കുകള്‍ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ശന നടപടികള്‍ കൂട്ടായി ഉണ്ടായില്ലെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ കൊച്ചി ഒന്നാമതെത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ലഹരിമരുന്നുകള്‍ക്ക് ഇരയാകുന്നതില്‍ ബഹുഭൂരിപക്ഷവും സംസ്ഥാനത്തെ യുവാക്കളും കുട്ടികളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുലക്ഷത്തി അന്‍പത്തിയൊന്നായിരത്തി ഇരുനൂറ്റി എഴുപത്തി മൂന്ന് റെയ്ഡുകള്‍ സംസ്ഥാനത്ത് നടത്തിയതില്‍ രണ്ടായിരത്തി എണ്‍പത്തിയഞ്ച് ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയതു. ആയിരത്തി ഒരുനൂറ്റി പത്ത് കിലോഗ്രാം കഞ്ചാവ് പിടികൂടി. സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയതതാകാട്ടെ അറുനൂറ്റി അന്‍പത്തിരണ്ട് കേസുകള്‍. ആറ് കിലോഗ്രാം ഹാഷിഷും എഴുനൂറ്റി ഇരുപത് കിലോഗ്രാം കഞ്ചാവും അവര്‍ പിടികൂടിയെന്നാണ് എക്‌സൈസിന്റെ കണക്ക്.

കര്‍ശനനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ലഹരിമരുന്നുപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന പഞ്ചാബിന്റെ സ്ഥിതിയിലേക്കാണിപ്പോള്‍ കേരളത്തിന്റെ പോക്ക്.

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വില്‍പ്പന സംബന്ധിച്ച് ദിനം പ്രതി നിരവധി പരാതികള്‍ എക്‌സൈസിന് ലഭിക്കുന്നുണ്ട്. താന്‍ എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം ഇരുനൂറോളം ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

താന്‍ ചാര്‍ജെടുത്തിന് ശേഷം ഒന്നാമതായി ഉദ്യോഗസ്ഥരോട് പറഞ്ഞത് ലഹരി മരുന്നിനെ സംബന്ധിച്ചുള്ള കേസുകള്‍ കൂടുതല്‍ പിടിക്കുക, ഈ ബിസിനസ് ചെയ്യുന്ന ആളുകളെ പിടികൂടുക എന്നിവയാണ്.

അതോടൊപ്പം സ്‌കൂളുകളില്‍ പോയി വിദ്യാര്‍ത്ഥകളുമായി ലഹരിമരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് സംസാരിക്കുക, ബോധവല്‍ക്കരണ സിനിമകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുക്കുക തുടങ്ങിയ കാര്യങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ 100 സ്‌കൂളുകളില്‍ നേരിട്ട് പോയി താന്‍ തന്നെ അത് നടപ്പിലാക്കും.

മദ്യപിച്ച് അപകടത്തില്‍ പെട്ടയാളെ ഡോക്ടറുടെ അടുക്കല്‍ കൊണ്ടു പോയാല്‍ മദ്യത്തിന്റെ അളവ് മനസിലാക്കാം. എന്നാല്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ കണ്ട് പിടിക്കാന്‍ തന്നെ പ്രയാസമാണ്. അവരുടെ പെരുമാറ്റത്തില്‍ നിന്നാണ് ഇത്തരം കാര്യങ്ങള്‍ കണ്ട് പിടിക്കുക. ഇവ കണ്ടുപിടിക്കാനുള്ള ആധുനിക രീതികള്‍ രാജ്യത്ത് തന്നെ ശക്തമായി തുടങ്ങുന്നതേയുള്ളു.

ഒമ്പത് ജില്ലകളില്‍ നേരിട്ട് പോയി ലഹരിമരുന്നിനെതിരായ സംവിധാനങ്ങള്‍ ശക്തമാക്കി. ഒരാഴ്ചക്കുള്ളില്‍ ബാക്കി ജില്ലകളിലും നടപടികള്‍ ശക്തമാക്കും. ഒരോ ജില്ലയിലെയും ഭരണരംഗത്തുള്ളവരെയും പോയി കണ്ട് കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്.

അതിര്‍ത്തിവഴിയുള്ള ലഹരി മരുന്ന് കടത്തല്‍ തടയാന്‍ നടപടികള്‍ ശക്തമാക്കും. ആന്ധ്രാപ്രദേശിലെ മാവോയിസ്റ്റ് മേഖലകളില്‍ നിന്നടക്കമാണ് ലഹരിമരുന്നുകള്‍ കേരളത്തിലേക്ക് എത്തുന്നത്. 5 ചെക്ക് പോസ്റ്റുകളില്‍ വാഹനം തന്നെ ചെക്ക് ചെയ്യാനുള്ള സ്‌കാനര്‍ വാങ്ങാനുള്ള നടപടിയെടുക്കണമെന്ന് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. നയപ്രഖ്യാപനത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

വലിയ കടകളേക്കാള്‍ ചെറിയ പെട്ടിക്കടകളും, അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരുടെ ചെറിയ കടകളും കേന്ദ്രീകരിച്ചാണ് ലഹരി വില്‍പ്പനകള്‍ കൂടുതലായി ഉള്ളത്. സ്‌കൂള്‍ പരിസരങ്ങളില്‍ ഇത്തരം കടകളോ വില്‍പ്പനകളോ നടത്തുന്നുണ്ടോ എന്ന് കര്‍ക്കശമായി നിരീക്ഷിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്.

നിയമങ്ങള്‍ ശക്തം തന്നെയാണ്. പിടിക്കുന്ന ലഹരിമരുന്നിന്റെ അളവ് അനുസരിച്ച് ജാമ്യം ലഭിക്കുന്നു.ഒരുകിലോഗ്രാമില്‍ താഴെ കഞ്ചാവ് പിടികൂടിയാല്‍ ജാമ്യം ലഭിക്കുന്ന എന്‍ഡിപിഎസിലെ വ്യവസ്ഥ ഇളവ് ചെയ്യണമെന്ന് കേന്ദ്രത്തോട് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലഹരി മരുന്നിന്റെ കാര്യത്തില്‍ പൊലീസും എക്‌സൈസും കര്‍ശന നടപടികള്‍ എടുക്കുന്നുണ്ട്.. മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളില്‍ വരുന്ന ഇത്തരം വ്യത്യാസങ്ങള്‍ ശ്രദ്ധിക്കണം. വീട്ടില്‍ നിന്ന് തന്നെ ഉത്തരം കാര്യങ്ങള്‍ തടയാന്‍ ശ്രമിക്കണമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Top