Excise Minister’s statement

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.

എതിര്‍പ്പുകള്‍ വരുമെന്ന് കണ്ട് മദ്യനയം മാറ്റുന്നതില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ നയത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ നയമെന്ന് വ്യക്തമാക്കിയ മന്ത്രി ,ഒക്ടോബര്‍ 2ന് വിദേശമദ്യ ചില്ലറവില്‍പ്പനശാലകള്‍ പൂട്ടില്ലെന്ന സൂചനയും നല്‍കി.

പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലുളളവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണ്.

അതേസമയം യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ ടൂറിസം രംഗം തളര്‍ന്നുവെന്ന നിലപാട് ആവര്‍ത്തിച്ചു ഉന്നയിക്കുന്ന ടൂറിസംവകുപ്പ് കൂടുതല്‍ ഉദാരമായ മദ്യനയമാണ് സംസ്ഥാനത്ത് വേണ്ടതെന്നാണ് വാദിക്കുന്നത്.

ബാറുകള്‍ പൂട്ടിയ ശേഷമുള്ള ടൂറിസം മേഖലയുടെ തളര്‍ച്ച ചൂണ്ടിക്കാട്ടിയാണ് മദ്യ നയം തിരുത്തണമെന്ന ആവശ്യം ടൂറിസം വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.

സംസ്ഥാനതലത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ തുറക്കണമെന്ന ശുപാര്‍ശ പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്‌സൈസ് മന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

മദ്യനയം കാരണം കഴിഞ്ഞ രണ്ട് വര്‍ഷം ടൂറിസം രംഗത്തുണ്ടായ തിരിച്ചടികളെ കുറിച്ച് ഒരു സ്വകാര്യ ഏജന്‍സിയെ കൊണ്ട് ടൂറിസം വകുപ്പ് പഠനം നടത്തിയിരുന്നു.

ഈ പഠന റിപ്പോര്‍ട്ടാണ് തങ്ങളുടെ വാദങ്ങള്‍ക്ക് ബലമേകാന്‍ അവര്‍ മുന്‍പോട്ട് വയ്ക്കുന്നത്.

പഠനത്തിന്റെ ഭാഗമായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

നിലവിലെ മദ്യനയം കോണ്‍ഫറന്‍സ് ടൂറിസത്തിനുള്‍പ്പെടെ തിരിച്ചടിയായെന്നും, കേരളത്തിലേക്ക് വന്നാല്‍ മദ്യം ലഭിക്കില്ലെന്ന ധാരണ വിനോദസഞ്ചാരികള്‍ക്കുണ്ടായെന്നും ഇതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മദ്യനയം പാടെ മാറ്റണമെന്നാണ് ടൂറിസം വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും ടൂറിസം വകുപ്പ് മാറ്റം നിര്‍ദ്ദേശിക്കുന്നുണ്ട്.നിലവില്‍ രാത്രി 10 മണിക്ക് ബാറുകളും ബിയര്‍ പാര്‍ലറുകളും അടയ്ക്കണം.

ഇത് മറ്റ് സ്ഥലങ്ങളിലേത് പോലെ അര്‍ദ്ധരാത്രി വരെ നീട്ടണമെന്നാണ് ടൂറിസം വകുപ്പിന്റെ ആവശ്യം.മദ്യനയത്തിലെ ടൂറിസം വകുപ്പിന്റെ നിലപാട് എക്‌സൈസ് വകുപ്പിന് കൈമാറിയിട്ടുണ്ട്.

മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് എല്‍ഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എല്‍ഡിഎഫിന്റെ മദ്യവര്‍ജന നിലപാടിനും യുഡിഎഫിന്റെ മദ്യനയത്തിനുമുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന വാദമാണ് പുതിയ മദ്യനയം നടപ്പാക്കുന്നതിനായി എല്‍ഡിഎഫ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ഇതോടൊപ്പം ടൂറിസം രംഗത്തെ തളര്‍ച്ചയും കഞ്ചാവ് -മയക്കുമരുന്ന് തുടങ്ങിയ അപകടകാരികളായ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുണ്ടായ വളര്‍ച്ചയും പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കാരണമാക്കിയേക്കാം.

അതേസമയം ബാര്‍ ലൈന്‍സ് വിതരണം പുനരാരംഭിച്ചേക്കുമെന്ന പ്രതീക്ഷയില്‍ സംസ്ഥാനത്തെ പല ത്രീസ്റ്റാര്‍ ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലും തിരക്കിട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

നിലവിലെ മദ്യനയം അനുസരിച്ച് ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 10 ശതമാനം ബിവറേജുകള്‍ അടച്ചു പൂട്ടണം.

ഇക്കുറി അതുണ്ടാവില്ലെന്ന് എക്‌സൈസ് വകുപ്പ് തന്നെ സൂചിപ്പിക്കുമ്പോള്‍ സെപ്തംബറില്‍ തന്നെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നിലവില്‍ വരാനും സാധ്യതയുണ്ട്.

Top