ജവാന്‍ ഉത്പാദനം കൂട്ടാന്‍ ആലോചനയെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിന്റെ ക്ഷാമം നേരിടുകയും, മദ്യത്തിന്റെ ഉത്പാദന ചെലവ് കൂടുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്. സ്പിരിറ്റ് വില ഉയര്‍ന്നതാണ് പ്രധാന കാരണം. നിലവില്‍ മദ്യവില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല എങ്കിലും വില കൂട്ടേണ്ടിവരും എന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അല്ലെങ്കില്‍ കമ്പനികള്‍ക്കും നഷ്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന മദ്യത്തിലും നഷ്ടമാണ്. നിലവില്‍ ഒരു ലിറ്റര്‍ ജവാന്‍ ഉത്പാദിപ്പിക്കുമ്പോള്‍ നഷ്ടം 3.5 രൂപയാണ്. ഇതിനാല്‍ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ വില കുറഞ്ഞ മദ്യം ലഭിക്കാത്തതിനാല്‍ ഉത്പാദനം കൂട്ടും. സംസ്ഥാനത്ത് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് ബെവ്‌കോ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ആവശ്യം ഉയര്‍ന്നത്.

ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്‌കോയുടെ ശുപാര്‍ശ. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് വില. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്ത് പല ബാറുകളിലും ബീവറേജസ് ഔട്ട്ലറ്റുകളിലും വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ്. വിലകൂടിയ ബ്രാന്‍ഡുകള്‍ മാത്രമാണ് ഉള്ളത്.

കേരളത്തില്‍ സ്പിരിറ്റ് ഉല്‍പ്പാദനം ഇല്ല. ഒരു മാസം മുന്‍പ് വരെ ഒരു ലിറ്റര്‍ സ്‌പിരിറ്റ് കേരളത്തിലെത്തുമ്പോഴുള്ള വില ലിറ്ററിനു 53 രൂപവരെയായിരുന്നു. ഇപ്പോഴത് 70 രൂപയ്ക്കു മുകളിലാണ് . ഒരു കെയ്സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ ഉല്‍പ്പാദകര്‍ക്ക് 60 രൂപ കൂടുതല്‍ വേണം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ഉല്‍പ്പാദിപ്പിക്കുന്ന ജവാന്‍ റമ്മിന് 57 രൂപയ്ക്കാണ് ഒരു ലിറ്റര്‍ സ്പിരിറ്റ് വാങ്ങിയിരുന്നത്. ഇപ്പോഴത് ലിറ്ററിന് 75 രൂപയായി. കേരളത്തിലേക്കു സ്പിരിറ്റ് എത്തുന്ന ഇതര സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്.

മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തില്‍ സ്പിരിറ്റെത്തുന്നത്. അവിടെയുള്ള കമ്പനികള്‍ വില കൂട്ടിയതാണ് തിരിച്ചടിയായത്. തീരെ വിലകുറഞ്ഞ മദ്യത്തിനു മാത്രമാണ് ക്ഷാമം ഉള്ളതെന്നും മറ്റുള്ള മദ്യത്തിനു ക്ഷാമമില്ലെന്നുമാണ് ബെവ്കോയുടെ വിശദീകരണം.

അതേസമയം, സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍ അബ്കാരി കേസുകളിലെ പ്രതികളെ നിരീക്ഷിക്കാനും വ്യാജവാറ്റ് നേരത്തെ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കാനും എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top