Excise minister press meet about liquor policy

കൊച്ചി: മാളുകള്‍ വഴി മദ്യവിതരണം ചെയ്യുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.

മദ്യശാലയ്ക്ക് മുമ്പിലെ നീണ്ട ക്യൂ അവസാനിപ്പിക്കേണ്ടതാണ്. പരിഷ്‌കൃത നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മദ്യവിതരണത്തിന് പ്രത്യേക ഔട്ട്‌ലൈറ്റുകള്‍ ഉണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഇടത് സര്‍ക്കാരും ആലോചിക്കും. മാളുകള്‍ വഴി മദ്യം വിതരണം ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണ്. പ്രായോഗിക ജീവിതാനുഭവം ഇല്ലാത്തതാണ് യുഡിഎഫിന്റെ മദ്യനയമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ മദ്യനയം മൂലം മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം വളരെയധികം വര്‍ധിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ചെന്നിത്തല പറഞ്ഞത് കോണ്‍ഗ്രസ് നിലപാടാണോ എന്ന് വ്യക്തമാക്കണം. കേരളത്തിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുളള തിരിച്ചറിവാകാം പ്രതിപക്ഷനേതാവിന്റെ പ്രതികരണത്തിന് കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിങ്ങിന്റെ വിവാദമായ 14 സെക്കന്റ് നോട്ടത്തെക്കുറിച്ച് അറിയില്ല. സ്ത്രീകള്‍ക്ക് എതിരായ ഏത് പ്രവൃത്തികള്‍ക്കും എതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളും. സ്ത്രീകളെ നല്ല രീതിയില്‍ നോക്കിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

Top