ബെവ്ക്യൂ ആപ്പ് ഒഴിവാക്കാന്‍ സാധ്യത! ഇന്ന് ഉച്ചയ്ക്ക് യോഗം വിളിച്ച് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം:ഓണ്‍ലൈന്‍ മദ്യവിതരണത്തിനായി തയ്യാറാക്കിയ ബവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് എക്‌സൈസ് മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.

മദ്യം വാങ്ങുന്നതിന് തിരക്ക് കുറഞ്ഞെന്നും ആപ് ഒഴിവാക്കിയാലും അനിയന്ത്രിതമായ ആള്‍ക്കൂട്ടം ഉണ്ടാകില്ലെന്നുമാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. ടോക്കണ്‍ ഒഴിവാക്കണമെന്ന് ബാറുടമകളും ആവശ്യപ്പെടും. ചിലപ്പോള്‍ ഇന്നുകൂടി സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരം നല്‍കിയേക്കും.

അതേസമയം തിരുവനന്തപുരത്തെ ചില ബാറുകളിൽ ബെവ്ക്യൂ ആപ്പ് ടോക്കൺ ഇല്ലാതെ മദ്യവിതരണം നടത്തി. മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന ബെവ്ക്യൂ ആപ്പ് തുടർച്ചയായി രണ്ടാമത്തെ ദിവസവും പ്രവ‍ർത്തന രഹിതമായതോടെയാണ് ടോക്കൺ ഇല്ലാതെ മദ്യം കൊടുക്കാൻ ബാറുടമകൾ തീരുമാനിച്ചതെന്നാണ് സൂചന.

ബെവ്ക്യൂ ആപ്പില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും ഇനി വരുന്നവര്‍ക്ക് മദ്യം നല്‍കി അതിന്റെ കണക്ക് ബെവ്‌കോയ്ക്ക് കൈമാറുമെന്നുമാണ് ബാറുടമകളുടെ സംഘടനാ നേതാവ് പിആര്‍ സുനില്‍ കുമാര്‍ അറിയിച്ചിരിക്കുന്നത്.

Top