ഓണ്‍ലൈനിലൂടെ കള്ള് ഷാപ്പുകളുടെ വില്‍പ്പന; ചരിത്രം സൃഷ്ടിച്ച് എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ കള്ള് ഷാപ്പുകളുടെ വില്‍പ്പന നടത്തി എക്‌സൈസ് വകുപ്പ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടന്ന ആദ്യ റൗണ്ട് വില്‍പ്പനയില്‍ തന്നെ 87.19% ഗ്രൂപ്പുകളുടെയും വില്‍പ്പന പൂര്‍ത്തിയാക്കിയെന്ന് മന്ത്രി അറിയിച്ചു. സുതാര്യവും നിഷ്പക്ഷവുമായി ബാഹ്യ ഇടപെടലുകള്‍ക്ക് പഴുതു കൊടുക്കാതെ സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ വില്‍പ്പന മാതൃകാപരമാണ്. പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു.

‘2023-24 വര്‍ഷത്തെ അബ്കാരി നയത്തില്‍ ഷാപ്പുകളുടെ വില്‍പ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 25, 26 തീയതികളില്‍ ഓണ്‍ലൈന്‍ വില്‍പ്പന വിജയകരമായി നടന്നത്. വില്‍പ്പനയിലൂടെ 797 ഗ്രൂപ്പ് കളളുഷാപ്പുകള്‍ വിറ്റുപോയി. ഇതിലൂടെ 11.9 കോടി രൂപ വരുമാനമായി ലഭിച്ചു. സംസ്ഥാനത്താകെ 914 ഗ്രൂപ്പുകളില്‍ ആയി 5170 കളളുഷാപ്പുകളാണുള്ളത്. ആകെ ലഭിച്ച 4589 അപേക്ഷകളില്‍ 4231 അപേക്ഷകള്‍ക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. ശേഷിക്കുന്ന 117 ഗ്രൂപ്പ് കളളുഷാപ്പുകളുടെ രണ്ടാം റൗണ്ട് വില്‍പ്പനയും ഓണ്‍ലൈനായി നടക്കും.’ ഇത് 50% റെന്റലിനാകും നടക്കുകയെന്നും മന്ത്രി രാജേഷ് അറിയിച്ചു.

എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആയി നല്‍കാനുളള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ചരിത്രത്തില്‍ ആദ്യമായി കള്ള് ഷാപ്പ് വില്‍പ്പന ഓണ്‍ലൈനിലാക്കിയതെന്നും മന്ത്രി പറഞ്ഞു. വില്‍പ്പന നടപടികള്‍ യൂട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുളള സംവിധാനം ഒരുക്കുന്നതും ആദ്യമായാണ്. കളളു ഷാപ്പുകളുടെ വില്‍പ്പന മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് നടത്തുന്നത്. ഇതുവരെ ഓരോ ജില്ലകളിലേയും കളളുഷാപ്പുകളുടെ വില്‍പ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അതാത് ജില്ലകളില്‍ ആണ് നടത്തി വന്നിരുന്നതെന്നും മന്ത്രി പറഞ്ഞു.

Top