കൊറോണയുടെ മാത്രമല്ല, മദ്യാസക്തിയുടെയും ചങ്ങലപൊട്ടിക്കാം… പദ്ധതിയുമായി എക്‌സൈസ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബാറുകളും ബവ്‌റിജസ് ഔട്ട്‌ലെറ്റുകളും ഏപ്രില്‍ 14 വരെ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ മദ്യാസക്തിയുടെ ചങ്ങല പൊട്ടിക്കാന്‍ പദ്ധതിയുമായി എക്‌സൈസ്. മദ്യം ലഭിക്കാത്തതിനാല്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ക്ക് കൗണ്‍സിലിങ്ങിനും ചികിത്സയ്ക്കും എക്‌സൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങളെയും കൗണ്‍സിലിങ് സെന്ററുകളെയും ഉള്‍പ്പെടുത്തിയാണ് സംവിധാനമുണ്ടാക്കിയത്.

മദ്യത്തിന് അടിമകളായവര്‍ക്ക് മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ ശാരീരികവും മാനസികവുമായ വിഷമതകള്‍ ഉണ്ടാകുവാനും കുടുംബത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകുവാനുമുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് എക്‌സൈസ് ഈ പദ്ധതി കൊണ്ടുവന്നത്. അത്തരക്കാര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങ്ങും ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ ലഭിക്കും. ഇതിനായി കൗണ്‍സിലിങ് സെന്ററുകളേയും സമീപിക്കാം.

സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ലഹരിവിമുക്ത കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലേയും ഓരോ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഓരോ കൗണ്‍സിലിങ് സെന്ററും പ്രവര്‍ത്തിക്കുന്നു. ഏത് സമയത്തും പൊതുജനത്തിന് ഇവയുടെ സേവനം സൗജന്യമായി ലഭിക്കും.

മദ്യം ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രാരംഭ ലക്ഷണങ്ങളാണ് കൈവിറയല്‍, ഓക്കാനം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, സ്വഭാവത്തില്‍ ഉണ്ടാകുന്ന അകാരണമായ മാറ്റങ്ങള്‍ തുടങ്ങിയവ. ഇത്തരം അസ്വസ്ഥതകളുള്ളവര്‍ ആദ്യം ഏറ്റവും അടുത്തുള്ള ഡോക്ടറെ സമീപിക്കണം. താമസിക്കുന്ന സ്ഥലത്തെ ഏറ്റവും അടുത്തുള്ള എക്‌സൈസ് റേഞ്ച് ഓഫിസിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നേരിട്ടോ ടെലിഫോണിലൂടെ ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായം ലഭിക്കും. എക്‌സൈസ് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 14405 ല്‍ ബന്ധപ്പെട്ടാലും സേവനങ്ങള്‍ ലഭ്യമാണ്.

Top