എക്സൈസ് റെയ്ഡ്; ചാരായം വാറ്റികൊണ്ടിരിക്കെ അബ്കാരി കേസ്‌ പ്രതി ‘സ്പിരിറ്റ് കണ്ണൻ’ പിടിയിൽ

കൊല്ലം: നിരവധി അബ്കാരി കേസിലെ പ്രതിയായ കൊല്ലം ചടയമംഗലം സ്വദേശി ‘സ്പിരിറ്റ് കണ്ണൻ’ എന്ന് വിളിക്കുന്ന അനിൽ കുമാർ പിടിയിൽ. ഇന്ന് പുലർച്ചെ 12.50 ന് ചടയമംഗലം എക്സൈസാണ് അനിൽ കുമാറിനെ പിടികൂടിയത്. മുമ്മൂല ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റികൊണ്ടിരിക്കവേ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 100 ലിറ്റർ കോടയും 8 ലിറ്റർ ചാരായവും സംഘം കണ്ടെടുത്തു.

അതിനിടെ, വയനാട് മുത്തങ്ങയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായി. വാഹന പരിശോധനയിലാണ് രണ്ട് തിരുവല്ല സ്വദേശികൾ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു വാഹന പരിശോധന. MH 02 BP 9339 എന്ന കാർ പരിശോധിച്ചപ്പോഴാണ് 61 ഗ്രാം എംഡിഎംഎയും 12.8 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തിയ തിരുവല്ല സ്വദേശികളായ സുജിത് സതീശൻ, അരവിന്ദ് ആർ കൃഷ്ണ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തത്.

വാഹനം വിശദമായി പരിശോധിച്ചപ്പോൾ, കഞ്ചാവും എംഡിഎംഎയും പൊടിക്കാൻ ഉപയോഗിക്കുന്ന രണ്ട് ക്രഷിംങ് മെഷിൻ കണ്ടെടുത്തു. ഇന്റർനെട്ട് കോളുകൾക്ക് ഉപയോഗിക്കുന്ന റൂട്ടറും പ്രതികളുടെ പക്കലുണ്ടായിരുന്നതായി എക്സൈസ് അറിയിച്ചു. ഇവരുടെ കയ്യിലുണ്ടായിരുന്ന 100 അമേരിക്കൻ ഡോളറും എക്സൈസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വിതരണ ശൃംഖ്യലയിൽ സ്വാധീനമുളളവരാണ് അറസ്റ്റിലായവരെന്നാണ് പ്രാഥമിക കണ്ടെത്തൽ.

Top