അമിതമായ ഗുളിക ഉപയോഗം ; ഇന്ദ്രാണി മുഖര്‍ജിയെ ഡിസ്ചാര്‍ജ് ചെയ്തു

indrani

ന്യൂഡല്‍ഹി: ഷീന ബോറ വധക്കേസ് മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അമിത ഡോസില്‍ ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് ബൈക്കുള ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഇന്ദ്രാണിയെ. ഡിപ്രഷന് കഴിക്കുന്ന മരുന്നിന്റെ ഓവര്‍ ഡോസ് കാരണമാണ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം ജെജെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ബൈക്കുള ജയിലില്‍ വിചാരണത്തടവില്‍ കഴിയുന്ന ഇന്ദ്രാണിയെ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ച ഇന്ദ്രാണിയെ കരള്‍, വൃക്ക പരിശോധനകള്‍ക്ക് വിധേയയാക്കി. ഞായറാഴ്ചയോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

2012 ഏപ്രിലില്‍ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും മുംബൈയിലെ സിബിഐ കോടതിയില്‍ വിചാരണ നേരിടുകയാണ്. ഇന്ദ്രാണിയുടെ വക്കീലിന് ആശുപത്രിയിലെത്തി അവരെ സന്ദര്‍ശിക്കാന്‍ മുംബൈ സിബിഐ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവരെ ആശുപത്രില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത്. 2015 ഒക്ടോബറില്‍ അമിതമായി ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് അവശനിലയിലായ ഇവര്‍ മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്.

Top