അമിത പാർക്കിംഗ് നിരക്കുകൾ; നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം: നഗരത്തിൽ അമിത പാർക്കിംഗ് നിരക്കുകൾ ഈടാക്കുന്നതിനെതിരെ നടപടികളുമായി കോർപ്പറേഷൻ. പാർക്കിംഗ് കേന്ദ്രങ്ങൾ നടത്തുന്നതിനുള്ള ലൈസൻസ് കർശനമാക്കുക, അനധികൃത പാർക്കിംഗ് ഒഴിവാക്കുക, ന്യായമായതും ഏകീകരിച്ചതുമായ പാർക്കിംഗ് നിരക്ക് ഏർപ്പെടുത്തുക എന്നിവയാണ് പുതിയ നിയമാവലിയുടെ പ്രധാന ലക്ഷ്യമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

പാർക്കിംഗ് ഫീസ് പിരിവ് സംബന്ധിച്ച് നിലവിൽ ഒരു നിയമാവലി ഉണ്ടായിരുന്നെങ്കിലും ചുരുക്കം പേർ മാത്രമാണ് ലൈസൻസ് നേടിയിട്ടുള്ളത്. ഇക്കാര്യങ്ങൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കി കൊണ്ടാണ് പുതിയ നിയമാവലി തയ്യാറാക്കിയിട്ടുള്ളത്. ഇത് കർശനമായി നടപ്പാക്കാനാണ് കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. അതിനാവശ്യമായ നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും മേയർ അറിയിച്ചു.

നിയമാവലിയുടെ കരട് 14.09.2023 കൗൺസിൽ അംഗീകരിച്ചു. നിയമാവലിയിന്മേലുള്ള ആക്ഷേപം പൊതുജനങ്ങൾക്ക് 15 ദിവസത്തിനകം സമർപ്പിക്കാം. നഗരപരിധിയിലെ മാളുകൾ, വൻകിട വ്യാപാര സ്ഥാപനങ്ങൾ, സിനിമാ തിയറ്ററുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലടക്കമുള്ള സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളിലുൾപ്പെടെ വൻനിരക്കാണ് ഈടാക്കിയിരുന്നത്. വിശദമായ പരിശോധകൾക്ക് വിധേയമാക്കിക്കൊണ്ടാണ് പുതിയ നിയമാവലി തയാറാക്കിയിട്ടുള്ളത്. ഇത് കർശനമായി നടപ്പാക്കാനാണ് കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. അതിനാവശ്യമായ നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

നഗരവികസനം മികവുറ്റ നിലയിൽ മുന്നോട്ട് പോകുന്ന ഘട്ടത്തിൽ എല്ലാ മേഖലയിലും നീതിയുക്തമായ സേവനം പൊതുജനങ്ങൾക്ക് ലഭിക്കുന്നു എന്നുറപ്പാക്കേണ്ടത് അത്യാവശ്യമായ ഒന്നാണെന്നാണ് ഭരണസമിതിയുടെ കാഴ്ചപ്പാട്. അത് നഗരത്തിലെ വാഹനപാർക്കിങ്ങിലും ഉറപ്പ് വരുത്തേണ്ടതുണ്ട്. സ്ഥലപരിമിതി നമുക്ക് മുന്നിൽ ഒരു പ്രതിസന്ധി ആണെന്ന യാഥാർഥ്യബോധത്തോടെ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കാനുള്ള എല്ലാ പരിശ്രമവും നഗരസഭ നടത്തുന്നുണ്ട്. സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളിൽ അമിതനിരക്ക് ഈടാക്കുന്നത് ഈ സ്ഥലപരിമിതി മുതലെടുത്താണ് എന്നതാണ് വസ്തുത. അതിനാണ് ഈ നിയമാവലിയോടെ അവസാനമാകുന്നത്. ‘ മികവുള്ള സേവനവും മികവാർന്ന വികസനവുമാണ് ‘നമ്മുടെ ലക്ഷ്യം.

Top