ശബരിമല സ്പെഷ്യൽ ട്രെയിനിൽ അമിത നിരക്ക്; റെയിൽവേക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ശബരിമല പ്രത്യേക തീവണ്ടികളുടെ അമിത നിരക്കിൽ വിശദീകരണം തേടി ഹൈക്കോടതി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സതേൺ റെയിൽവേ മാനേജർ അടക്കമുള്ളവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മാധ്യമ വാർത്തയെ തുടർന്നാണ് കോടതി ഇടപെടൽ. അധിക നിരക്ക് ഈടാക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.

ഹൈക്കോടതി സ്വമേധയാ വിഷയത്തിൽ കേസ് എടുക്കുകയായിരുന്നു. കേസിൽ റെയിൽവേയെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദേശിച്ചു. നേരത്തെ ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് റെയില്‍വേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായി കേരളം ആരോപിച്ചിരുന്നു. ഹൈദരബാദ് – കോട്ടയം യാത്രയ്ക്ക് 590 രൂപയാണ് സാധാരണ സ്ലീപ്പര്‍ നിരക്ക്. എന്നാല്‍, ശബരി സ്പെഷ്യല്‍ ട്രെയിനിൽ 795 രൂപയാണ് നിരക്ക്. 205 രൂപയാണ് അധികമായി ഈടാക്കുന്നത്.

അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി അബ്ദുറഹിമാന്‍ രംഗത്ത് എത്തിയിരുന്നു. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനാണ് അബ്ദുറഹിമാൻ കത്തയച്ചത്. ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്ന നീക്കം അനുവദിക്കാന്‍ കഴിയില്ലെന്ന് കത്തില്‍ മന്ത്രി പറഞ്ഞു.

Top