ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം; ചൈനയിൽ 21 കാരി ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ചു

ബെയ്ജിങ്: ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം ചെയ്തതിനെ തുടര്‍ന്ന് ചൈനീസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദൗയിന്‍ എന്ന സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമില്‍ പതിനായിരത്തിലേറെ ഫോളോവേഴ്‌സുള്ള കുയുവ എന്ന ഇരുപത്തിയൊന്നുകാരിക്കാണ് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിനിടെ അന്ത്യം സംഭവിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഷാങ്ക്‌സി പ്രവിശ്യയിലെ ഷിയാനിൽ ശരീരഭാരം കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന വെയ്റ്റ് ലോസ് ക്യാമ്പിലായിരുന്നു കുയുവ. കുയുവയുടെ ദൗയിന്‍ പേജില്‍ കുടുംബം മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ടിക് ടോകിന് സമാനമായ ചൈനീസ്‌ സാമൂഹിക മാധ്യമമാണ് ദൗയിന്‍.

“കുയുവയ്ക്ക് നല്‍കിവന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി. ഞങ്ങളുടെ കുഞ്ഞ് സ്വര്‍ഗത്തിലേക്ക് യാത്രയായിരിക്കുകയാണ്. ഞങ്ങളിപ്പോഴും അതിന്റെ ദുഃഖത്തിലാണ്. കപടവ്യക്തികള്‍ അവരുടെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ഒരുക്കുന്ന വലയിലകപ്പെട്ട് നിങ്ങളാരും വഞ്ചിക്കപ്പെടാതിരിക്കട്ടെയെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കുഞ്ഞിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ, നന്ദി”, കുയുവയുടെ കുടുംബം കുറിപ്പില്‍ പറഞ്ഞു.

കുയുവയുടെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്. എങ്കിലും വ്യായാമത്തിന് പിന്നാലെയുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെയായിരുന്നു മരണം. വെയ്റ്റ് ലോസ് ക്യാമ്പില്‍ ചേര്‍ന്നതിന് പിന്നാലെ ഫിറ്റ്‌നസില്‍ മാത്രമായിരുന്നു കുയുവ ശ്രദ്ധ നല്‍കിയിരുന്നത്. ക്യാമ്പില്‍ നിന്ന് കുയുവ പങ്കുവെച്ച നൂറോളം വീഡിയോകളില്‍ കഠിനമായ വര്‍ക്കൗട്ടുകളും ക്യാമ്പിലെ അല്‍പാഹാരവുമാണ് പ്രധാനമായും ഉണ്ടായിരുന്നത്.

പകല്‍ മുഴുവനും വ്യായാമത്തില്‍ മുഴുകിയ ശേഷം വൈകുന്നേരം വര്‍ക്കൗട്ടും കുയുവ തുടര്‍ന്നിരുന്നു. ആറ് മാസം കൊണ്ട് 36 കിലോഗ്രാം ഭാരം കുറച്ചതായി കുയുവ അവകാശപ്പെട്ടിരുന്നു. 90 കിലോഗ്രാം ഭാരം കുറയ്ക്കുന്നതാണ് ലക്ഷ്യമെന്നും കുയുവ പറഞ്ഞിരുന്നു. കുയുവയുടെ മരണത്തെ തുടര്‍ന്ന് ശരീഭാരം കുറയ്ക്കുന്നതിനായി അമിത വ്യായാമം ചെയ്യുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തി.

Top