വിപണിമൂല്യത്തില്‍ മികച്ച നേട്ടം; ഒരു ലക്ഷം കോടി ക്ലബില്‍ ഇടംപിടിച്ച് 47 കമ്പനികള്‍

ന്യൂഡല്‍ഹി: വിപണിമൂല്യത്തില്‍ മികച്ചനേട്ടവുമായി രാജ്യത്തെ കമ്പനികള്‍. ഒരു ലക്ഷം കോടി വിപണിമൂല്യം 19 കമ്പനികള്‍ സ്വന്തമാക്കിയതോടെ ഒരു വര്‍ഷത്തിനിടെ ഈവിഭാഗത്തില്‍ ഉള്‍പ്പെടുന്ന കമ്പനികളുടെ എണ്ണം 47 ആയി. ഒരു വര്‍ഷം മുമ്പ് 28 കമ്പനികളാണ് ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

അദാനി എന്റര്‍പ്രൈസസ്, ബിപിസിഎല്‍, ഡാബര്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍, ജെഎസ്ഡബ്ല്യു, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, പിഡിലൈറ്റ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളാണ് പുതിയതായി ലക്ഷം കോടി ക്ലബില്‍ അംഗമായത്.

ഓഹരി വിപണിയില്‍ കുതിപ്പുണ്ടാകുമ്പോള്‍ മികച്ച കമ്പനികളുടെ വിപണിമൂല്യം ഉയരുന്നത് സ്വാഭാവികമാണെന്നാണ് വിലിയരുത്തല്‍. എക്കാലത്തെയും ഉയരംകുറിച്ച് ഓഗസ്റ്റ് 27ന് 56,124.7 നിലവാരത്തിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്.

ഒരു ലക്ഷം കോടിയിലധികം വിപണിമൂല്യം സ്വന്തമാക്കിയവയില്‍ പൊതുമേഖല സ്ഥാപനങ്ങളും ഇടംപിടിച്ചു. എന്‍ടിപിസിയും ബിപിസിഎലും വീണ്ടും ക്ലബിലെത്തി. എസ്ബിഐ, ഒഎന്‍ജിസി എന്നീ കമ്പനികളെക്കൂടാതെ പവര്‍ഗ്രിഡ് കോര്‍പറേഷനും നേട്ടം സ്വന്തമാക്കി. എസ്ബിഐയുടെ വിപണിമൂല്യത്തില്‍ ഒരുവര്‍ഷത്തിനിടെ 49ശതമാനവും ഒഎന്‍ജിസിയുടേത് 24ശതമാനവുമാണ് വര്‍ധനവുണ്ടായത്.

Top