കേരളത്തിന്റെ കൊവിഡ് പോരാട്ടത്തിന്റെ മികവ് ഒന്നുകൂടി വ്യക്തമായി; വയോധിക കൊവിഡ് മുക്തയായി

തിരുവനന്തപുരം: സംസ്ഥാനത്ത് 83 വയസുള്ള വയോധിക കൊവിഡ് മുക്തയായതായി റിപ്പോര്‍ട്ട്. അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം കളമശേരിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട തൃശ്ശൂര്‍ സ്വദേശിയായ 83 കാരിയാണ് രോഗമുക്തി നേടിയത്. കളമശേരിയില്‍ നീണ്ട 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ക്ക് രോഗമുക്തി നേടാനായത്.

ജീവന്‍ രക്ഷാ ഔഷധമായി ടോസിലിസുമാബ് നല്‍കിയതാണ് കോവിഡ് രോഗമുക്തി വേഗത്തിലാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ ചികിത്സയ്ക്കായി ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഡയബറ്റിക് കീറ്റോ അസിഡോസിസും വൃക്കരോഗവും അടക്കമുള്ള സങ്കീര്‍ണമായ അവസ്ഥയിലായിരുന്നു ഇവര്‍.

മെയ് 28ന് മുംബൈയില്‍ നിന്നും ട്രെയിനിലെത്തിയ ഇവരെ അര്‍ധബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ച്ചയായി രണ്ടു തവണ കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് വൈറസ് ബാധയില്‍ നിന്ന് മോചിതയായതായി സ്ഥിരീകരിച്ചത്.

Top