മുംബൈ ഭൂഗർഭ മെട്രോ പാതയുടെ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

മുംബൈ : മുംബൈയിലെ ഭൂഗർഭ മെട്രോ പാതയുടെ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു.

മെട്രോ-3 യുടെ നിർമ്മാണത്തിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ആരംഭിച്ചത് മുഹമ്മത്തിലെ നയാ നഗർ സൈറ്റിലാണ്.

മുംബൈ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് മെട്രോ -3 ലൈൻ തുരങ്കം നിർമ്മിക്കുന്നത് സെപ്തംബറിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ടണൽ ബോറിങ് മെഷീൻ (TBM ) ഉപയോഗിച്ചാണ്. കൊളാബ , ബാന്ദ്ര , സീപ്സ് എന്നിവിടങ്ങളിലൂടെയാണ് ഭൂഗർഭ മെട്രോ കടന്ന് പോകുന്നത്.

135 ടൺ ഹെവി ഡ്യൂട്ടി ഗ്രാന്റ് ക്രെയിൻ ഉപയോഗിച്ചാണ് ടണൽ ബോറിങ് മെഷീൻ തുരങ്കം നിർമ്മിക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച തുരങ്ക നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാകും.

നയാ നഗറിൽ നിന്ന് ദാദറിലേക്കുള്ള 2.5 കിലോമീറ്റർ തുരങ്കമാണ് നിർമ്മിക്കുന്നത്. ടണൽ ബോറിങ് മെഷീൻ ഒരു ദിവസം ഏകദേശം 10 മീറ്റർ വരെ ടണൽ നിർമ്മിക്കും.

ഉപരിതലത്തിന് താഴെ 20 മുതൽ 25 മീറ്റർ വരെ തുരങ്കം നിർമിക്കുന്നതിനായി ഏർത്ത് പ്രഷർ ബാലൻസ് (ഇപിബി) ഉപകരണം ഉപയോഗിക്കുന്നുണ്ട്.

തുരങ്കങ്ങൾ നിർമ്മിക്കുന്നത് പുതിയ തർക്കത്തിന് കാരണമായിട്ടുണ്ട്. വീടുകളുടെയും, കെട്ടിടങ്ങളുടെയും ഘടനയെ ബാധിക്കുമെന്നും അതിനാൽ പ്രവർത്തനങ്ങൾ നിർത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ മുംബൈ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് ഇതെല്ലാം തള്ളിക്കളയുകയാണ്. വിശദമായ പഠനം നടത്തിയതാണെന്നും , ലോകത്ത് ആദ്യമായല്ല ഇത്തരം തുരങ്കം ഉണ്ടാകുന്നതെന്നും, വീടുകൾക്കും മറ്റും ഒരു തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും എം.എം.ആർ.സി.എൽ വ്യക്തമാക്കി

റിപ്പോർട്ട് : രേഷ്മ പി.എം

Top