ഇന്ത്യയുടെ തെറ്റായ ഭൂപടം ചിത്രീകരിച്ച്‌ പരീക്ഷ; വിമര്‍ശനവുമായി ബിജെപി

കൊല്‍ക്കത്ത: ഇന്ത്യയുടെ തെറ്റായ ഭൂപടം ഉപയോഗിച്ച് പരീക്ഷ നടത്തിയെന്ന് ആക്ഷേപം.

അടുത്തിടെ ബംഗാളില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയില്‍ ഇന്ത്യയുടെ തെറ്റായി ചിത്രീകരിച്ച ഭൂപടമാണ് ഉപയോഗിച്ചതെന്നും അതില്‍ നടപടിയെടുക്കണമെന്നും ബിജെപി ബംഗാള്‍ ഘടകം, കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്കു കത്തെഴുതി.

ജോഗ്രഫി പരീക്ഷയ്ക്കു നല്‍കിയ ഭൂപടത്തില്‍ ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങള്‍ ചൈനയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു ബാനര്‍ജി ആരോപിച്ചു.

കൂടാതെ അരുണാചല്‍ പ്രദേശ് ഇന്ത്യയില്‍നിന്നു വിട്ടുനില്‍ക്കുന്ന മേഖലയായിട്ടാണു ഭൂപടത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും ബാനര്‍ജി കൂട്ടിചേര്‍ത്തു.

വെസ്റ്റ് ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ (ഡബ്ല്യുബിബിഎസ്ഇ) അംഗീകരിച്ച ഭൂപടമാണിതെന്നും ദേശവിരുദ്ധ ഭൂപടത്തില്‍ ഡബ്ല്യുബിബിഎസ്ഇയുടെ വാട്ടര്‍മാര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബാനര്‍ജി കത്തില്‍ വ്യക്തമാക്കുന്നു.

പരീക്ഷ ആവശ്യത്തിനായി ഭൂപടങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്‌കൂള്‍ അധ്യാപക സംഘടന വഴിയാണു വിദ്യാലയങ്ങളില്‍ വിതരണം ചെയ്തത്.

‘തെറ്റായി ചിത്രീകരിച്ച ഭൂപടം ഉപയോഗിച്ചു ബിജെപി ജനങ്ങളെ വഴിതെറ്റിക്കുകയാണ്. ഡബ്ല്യുബിബിഎസ്ഇയുടെ വാട്ടര്‍മാര്‍ക്ക് ഉണ്ടെന്നതുകൊണ്ട് അതു ബോര്‍ഡിന്റേത് ആകണമെന്നില്ല. ഡബ്ല്യുബിബിഎസ്ഇയുടെ ഭൂപടങ്ങള്‍ക്കെല്ലാം ഓരോ കോഡ് ഉണ്ട്. അത് അവര്‍ക്കു മാത്രമേ അറിയൂകയുള്ളു’വെന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി.

ബിജെപിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തെറ്റായി ചിത്രീകരിച്ച ഭൂപടം മാധ്യമങ്ങളെ കാണിച്ചയാളും അന്വേഷണ പരിധിയില്‍ വരുമെന്നും ഇദ്ദേഹത്തിന് എവിടെനിന്നാണു ഭൂപടം കിട്ടിയതെന്ന് അന്വേഷിക്കുമെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഡബ്ല്യുബിബിഎസ്ഇയോടു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തൃണമൂല്‍ സെക്രട്ടറി ജനറല്‍ ആയ ചാറ്റര്‍ജി പറഞ്ഞു.

Top