കൊച്ചിയിലെ മയക്കുമരുന്ന് വേട്ട: സാമ്പിള്‍ പരിശോധനയ്ക്കയച്ചു

DRUGS

കൊച്ചി: 200 കോടിയുടെ എംഡിഎംഎ മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ സാമ്പിള്‍ വിശദ പരിശോധനയ്ക്കായി അയച്ചു. കാക്കനാട് റീജണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലാണ് പരിശോധന. കേസിലെ പ്രതികളെതേടി ഇതര സംസ്ഥാനങ്ങളിലേക്കും എക്‌സൈസ് സംഘം അന്വേഷണം വ്യാപിപ്പിച്ചു.

എറണാകുളം എക്സൈസ് ഡെപ്പൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു സ്വകാര്യ കൊറിയര്‍ സ്ഥാപനതത്തില്‍ നടത്തിയ തിരച്ചിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എട്ട് പാഴ്സല്‍ പെട്ടികളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 16 കിലോ മരുന്നാണ് പിടിച്ചെടുത്തത്.

എറണാകുളം മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ശാസ്ത്രീയമായ വിശകലനത്തിനാണ് സാമ്പിള്‍ പരിശോധന നടത്തുന്നതെന്ന് അനേഷ്വണ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാര്‍ പറഞ്ഞു.

കേസില്‍ പ്രതികളായവരെ തേടി ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലുള്ളവര്‍ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇവര്‍ മയക്കുമരുന്ന് പിടികൂടിയ 29ന്തന്നെ സംസ്ഥാനം വിട്ടിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഇത്രയും വലിയ തുകയുടെ മയക്കുമരുന്ന് പിടികൂടുന്നത്.

Top