നിക്ഷേപങ്ങളിൽ കോടികളുടെ തിരിമറി, കാര്‍ഷിക സൊസൈറ്റി മുന്‍ പ്രസിഡന്റ് പിടിയില്‍

കോഴിക്കോട് : കാര്‍ഷിക സൊസൈറ്റിയുടെ പേരില്‍ നിരവധിയാളുകളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച തുകയില്‍ വെട്ടിപ്പ് നടത്തിയ പ്രതിയെ ക്രൈം ബ്രാഞ്ച് പിടികൂടി. കോഴിക്കോട് കുമാരസ്വാമി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ജില്ലാ ലേബര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൗസൈറ്റിയുടെ പ്രസിഡന്റായിരുന്ന കുരുവട്ടൂര്‍ സ്വദേശി കെ. ഷാഗിലിനെയാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്.

2022ലാണ് കേസിനാസ്പദമായ പരാതി ലഭിക്കുന്നത്. സൊസൈറ്റിയില്‍ തങ്ങള്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകര്‍ കാക്കൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് കോടിയോളം രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ടെന്ന് ബോധ്യമായതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. കാറ്റ്‌കോസ് എന്ന പേരിലാണ് കാര്‍ഷിക സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2015 മുതല്‍ 2020 വരെ ഇയാള്‍ സ്ഥാപനത്തിന്റൈ പ്രസിഡന്റായിരുന്നു. സമാന രീതിയില്‍ നരിക്കുനി, താമരശ്ശേരി എന്നിവിടങ്ങളിലും ഇയാള്‍ തട്ടിപ്പിന് ശ്രമിച്ചതായി സൂചനയുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന ഐ.പി.സി 406, 409, 420, 468 തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ‌ട്രേറ്റ് കോടതി മൂന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top