എക്‌സ് എം.എല്‍.എ ബോര്‍ഡ് വിവാദം: പോസ്റ്റ് പിന്‍വലിച്ച് വി.ടി ബല്‍റാമും ഷാഫി പറമ്പിലും

കോഴിക്കോട്: എക്‌സ് എം.എല്‍.എ ബോര്‍ഡ് വിവാദത്തില്‍ മുന്‍ എംപി എ. സമ്പത്തിനെതിരെ ഇട്ട ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ പിന്‍വലിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ടി ബല്‍റാമും ഷാഫി പറമ്പിലും. എ. സമ്പത്തിനെതിരായ ഫേയ്സ്ബുക്ക് പോസ്റ്റുകളില്‍ ഉപയോഗിച്ച ചിത്രം വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ്‌പോസ്റ്റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഫേയ്സ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തത്.

മുന്‍ എംപിയായ എ. സമ്പത്തിന്റെ കാര്‍ എന്ന് എന്ന് പറഞ്ഞാണ് എക്‌സ് എം.എല്‍.എ ബോര്‍ഡ് വെച്ച കാറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പാര്‍ലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടവരാ’ണെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഷാഫി പറമ്പിലും വിമര്‍ശിച്ച് പോസ്റ്റിട്ടിരുന്നു.


എന്നാല്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന കാറിന്റെ ചിത്രത്തില്‍ എക്സ് എംപി എന്ന ബോര്‍ഡ് ഫോട്ടോഷോപ് ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്തതാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് ഫോട്ടോ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ വി.ടി ബല്‍റാം തന്റെ പേജില്‍നിന്ന്‌പോസ്റ്റ് പിന്‍വലിച്ചു. മുന്‍ എംപിയുടെ കാറിനെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് താന്‍ ഫേയ്സ്ബുക്ക് പോസ്റ്റിട്ടതെന്നും അതത് സമയത്ത് മുന്നില്‍ വരുന്ന വാര്‍ത്തകളോടാണ് തന്റെ പ്രതികരണങ്ങളെന്നും വി.ടി ബല്‍റാം തന്റെ പുതിയ കുറിപ്പില്‍ പറയുന്നു.


എക്സ് എംപി ബോര്‍ഡുമായി ബന്ധപ്പെട്ട പോസ്റ്റ് പിന്‍വലിക്കുന്നതായി ഷാഫി പറമ്പില്‍ എംഎല്‍എയും തന്റെ ഫേയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫോട്ടോവ്യാജമായിരുന്നു എന്ന് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ടെന്നും അത് ഒറിജിനല്‍ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Top