മുന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു

ബംഗളൂരു: മുന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.

കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന എസ് എം കൃഷ്ണ ഒരു വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ബിജെപിയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ അദ്ദേഹം നിരാശയിലായിരുന്നു. കോണ്‍ഗ്രസില്‍ ചേരാനുള്ള താത്പര്യം എസ്.എം.കൃഷ്ണ നേതാക്കളോട് പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

മകള്‍ ശാംഭവി കൃഷ്ണയെ രാജരാജേശ്വരിനഗര മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വരയും മന്ത്രി ഡി കെ ശിവകുമാറും കൃഷ്ണ പാര്‍ട്ടിയിലേക്കെത്തുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായി കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയാണ് കൃഷ്ണ 2017ല്‍ കോണ്‍ഗ്രസ് വിട്ടത്. രാഹുല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാതി. ബിജെപിയില്‍ ചേര്‍ന്നിരുന്നെങ്കിലും ചുരുക്കം പാര്‍ട്ടി പരിപാടികളില്‍ മാത്രമെ അദ്ദേഹം പങ്കെടുത്തിരുന്നുള്ളൂ. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ബിജെപി നേതൃത്വം കൃഷ്ണയെ പങ്കെടുപ്പിച്ചിരുന്നില്ല.

Top