പാക്ക് ചാരസംഘടന മേധാവിയുടെ മകനെ കൊച്ചിയിൽ നിന്നും രക്ഷിച്ച് തിരിച്ചയച്ചു

raw spy

ന്യൂഡല്‍ഹി: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പാക്ക് ചാരസംഘടനയായ ഐ.എസ്.ഐയുടെ മുന്‍ മേധാവിയുടെ മകന്‍ കൊച്ചിയില്‍ ജോലി ചെയ്തിരുന്ന വിവരമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

‘ചാരവൃത്തിയുടെ ഇതിഹാസം’ എന്ന പുസ്തകത്തിലാണ് ഈ സംഭവ കഥകള്‍.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ സെക്രട്ടറി അമര്‍ജിത് സിങ് ദുലത്, ഐ.എസ്.ഐ മുന്‍ മേധാവി ലഫ്.ജനറല്‍ ആസാദ് ദുറാനി എന്നിവരുടെ സംഭാഷണങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. ചരിത്രത്തില്‍ ആദ്യമായി റോ – ഐ.എസ്.ഐ മേധാവിമാര്‍ സംയുക്തമായി പുറത്തിറക്കുന്ന ഈ പുസ്തകം തയ്യാറാക്കിയത് മാധ്യമ പ്രവര്‍ത്തകന്‍ ആദിത്യ സിന്‍ഹയാണ്.

പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

അവിശ്വസനീയമെന്നുതോന്നിക്കുന്ന വഴിത്തിരിവുകളാണ് മുന്‍ ഐഎസ്‌ഐ മേധാവി അസദ് ദുറാനിയുടെ മകന്‍ ഉസ്മാന്‍ ദുറാനിയുടെ കൊച്ചിയില്‍നിന്നുള്ള രക്ഷപ്പെടലിലുള്ളത്. 2015 ല്‍ മുംബൈയില്‍ അറസ്റ്റിലായ ഉസ്മാന്‍, സുരക്ഷിതമായി പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഇടപെടല്‍ മൂലമാണെന്ന് ദ് സ്‌പൈ ക്രോണിക്കിള്‍സാണ് വെളിപ്പെടുത്തുന്നത്.

മേയ് 2015. ഒരു ജര്‍മന്‍ കമ്പനിയില്‍ ‘ജോലിക്കായി’ ഉസ്മാന്‍ ദുറാനി കൊച്ചിയിലെത്തി. അധികം കഴിയുംമുമ്പ് ഉസ്മാനെ കൊച്ചിയില്‍നിന്നും രാജ്യത്തുനിന്നും ‘എക്‌സിറ്റ്’ അടിച്ചു. വന്നവഴി തിരിച്ചു പോകണമെന്നാണു വീസാ ചട്ടം. പക്ഷേ അദ്ദേഹത്തിന്റെ കമ്പനി ടിക്കറ്റ് ബുക്ക് ചെയ്തത് മുംബൈ വഴിക്കുള്ള വിമാനത്തില്‍. മുംബൈയിലെത്തിയ ഉസ്മാനെ വിമാനത്താവള അധികൃതര്‍ പിടിച്ചുവച്ചു. വിവരമറിഞ്ഞ അസദ് ദുറാനി പരിഭ്രമത്തിലായി. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മുന്‍ ഐഎസ്‌ഐ മേധാവിയുടെ മകന്‍ അതേ നഗരത്തില്‍ എത്തിയാലുള്ള അവസ്ഥയോര്‍ത്ത് അസദ് ഭയപ്പെട്ടു.

ഇതിനിടെ മുംബൈ സ്‌പെഷല്‍ ബ്രാഞ്ച് ഉസ്മാനെ അറസ്റ്റ് ചെയ്ത് ജയിലിലിടാനും ഒരുങ്ങി. ഈ സമയം റോ മുന്‍ സെക്രട്ടറി അമര്‍ജിത് സിങ് ദുലത്തിനെ തേടി അസദിന്റെ വിളിയെത്തി. മകനെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചു. ‘നിങ്ങള്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുക, ദൈവത്തില്‍ എനിക്കും വിശ്വാസമുണ്ട്. എല്ലാം ശരിയാവും’ അസദിനോടു ദുലത് പറഞ്ഞു. അന്നത്തെ റോ മേധാവി രജീന്ദര്‍ ഖന്ന ഉള്‍പ്പെടെ ഒരുപാടു പേരെ ദുലത്തും നേരിട്ട് വിളിച്ചു. 24 മണിക്കൂറിനകം കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഒരു ദിവസത്തെ കസ്റ്റഡി വാസം. ഇന്ത്യയുടെ തടവറയില്‍ കഴിയേണ്ടിയിരുന്ന ഉസ്മാന്‍ ഒരു പോറലുമേല്‍ക്കാതെ ജര്‍മനിയിലേക്കു പറന്നു. അവിടെനിന്നു പാക്കിസ്ഥാനിലേക്ക്. സഹായപ്രവൃത്തിക്കു നന്ദി പറയാന്‍ രജീന്ദര്‍ ഖന്നയെ ദുലത്ത് വിളിച്ചു. ‘ഇതു നമ്മുടെ ചുമതലയാണ്. എന്തൊക്കെയായാലും അദ്ദേഹവും നമ്മളും ഒരേ തൊഴിലെടുക്കുന്നവരാണ്’ ദുറാനിയെ ഉദ്ദേശിച്ച് ഖന്നയുടെ മറുപടി ഇതായിരുന്നു.

കേന്ദ്രത്തിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയും സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലിരിക്കെയുമാണ് പാക്ക് ചാരസംഘടനയുടെ മേധാവി കൊച്ചിയിൽ പറന്നിറങ്ങിയത്.

ഇന്ത്യക്കെതിരായ എല്ലാ പാക്ക് ഭീകര ആക്രമങ്ങളും സ്പോൺസർ ചെയ്യുന്നത് ഐ.എസ്.ഐ ആണെന്നതിനാൽ ഈ രക്ഷപ്പെടുത്തൽ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ വിവാദമാകാനാണ് സാധ്യത.

Top