കോവിഡ് 19; ഗോവ മുന്‍ ആരോഗ്യമന്ത്രി സുരേഷ് അമോന്‍കര്‍ മരിച്ചു

പനാജി: ഗോവ മുന്‍ ആരോഗ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് അമോന്‍കര്‍ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു.

ജൂണ്‍ അവസാന വാരമാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഇദ്ദേഹത്തെ മഡ്ഗാവിലെ ഇ.എസ്.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചുവെന്ന് ആരോഗ്യവകുപ്പ് അറിയിക്കുകയായിരുന്നു.

അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. അമോന്‍കറിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ട്വീറ്റ് ചെയ്തു. മുന്‍മന്ത്രിയുടെ മരണത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അനുശോചനം രേഖപ്പെടുത്തി.

രണ്ടുതവണ ഗോവ ബി.ജെ.പി അധ്യക്ഷന്‍ കൂടിയായിരുന്ന അമോന്‍കര്‍ 1999 ലാണ് ഗോവ നിയമസഭയില്‍ അംഗമാകുന്നത്. ഫ്രാന്‍സിസ്‌കോ സര്‍ദിന്‍ഹ മന്ത്രിസഭയിലും മനോഹര്‍ പരീക്കറിന്റെ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്ന ഇദ്ദേഹം ആരോഗ്യം, തൊഴില്‍ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്.

Top