ഒടുവില്‍ പിടിവീണു; അധോലോക കുറ്റവാളി ഇജാസ് ലക്ദാവല അറസ്റ്റില്‍

മുംബൈ: കഴിഞ്ഞ 20 വര്‍ഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന അധോലോക കുറ്റവാളി ഇജാസ് ലക്ദാവലയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ പാറ്റ്‌നയില്‍നിന്നാണ് മുംബൈ പോലീസ് ആന്റി എക്‌റ്റോഷന്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, കലാപം , തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ 27 കേസുകള്‍ നിലവിലുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു.1995-ല്‍ മുംബൈയില്‍ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ എംഡിയായ മലയാളി വ്യവസായി തഖിയുദ്ദീന്‍ വാഹിദിനെ വധിച്ച കേസിലെ പ്രതി കൂടിയാണ് ഇയാള്‍.

ഒരു കാലത്ത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ അംഗമായിരുന്നു ഇജാസ് 1993ലാണ് ഛോട്ടരാജനൊപ്പം ചേര്‍ന്നത്. 2001 വരെ ഛോട്ടാരാജന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ലക്ദാവാല പങ്കാളിയായിരുന്നു. പത്ത് വര്‍ഷം മുമ്പാണ് ഇയാള്‍ സ്വന്തമായ ക്രിമിനല്‍ സംഘം രൂപീകരിച്ചത്.

ഇജാസിന്റെ മകള്‍ സോണിയയെ കഴിഞ്ഞ മാസം മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യം വിടാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. വ്യാജ രേഖകള്‍ നല്‍കിയാണ് സോണിയ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയതെന്നു പിന്നീട് വ്യക്തമായി. ഇജാസിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി വ്യവസായിയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത കേസിലായിരുന്നു സോണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top