ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ച് പോരാട്ടത്തില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം

ടൂറിന്‍: സൂപ്പര്‍താരം റൊണാള്‍ഡോയുടെ അഭാവത്തില്‍ അര്‍ജന്റീന താരം പൗളോ ഡിബാല ഹാട്രിക്കുമായി നിറഞ്ഞപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ച് പോരാട്ടത്തില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം.

ദുര്‍ബലരായ യങ് ബോയ്‌സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ ക്ലബ്ബ് തോല്‍പ്പിച്ചത്. 5, 33, 69 മിനിറ്റുകളിലാണ് ഡിബാല യുവെന്റസിനായി സ്‌കോര്‍ ചെയ്തത്.

ചാമ്പ്യന്‍സ് ലീഗില്‍ ഡിബാലയുടെ ആദ്യ ഹാട്രിക്കാണിത്. ഇതോടെ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന നാലാമത്തെ അര്‍ജന്റീനന്‍ താരമാകാനും ഡിബാലയ്ക്കായി. ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ക്ലൗഡിയോ ലോപ്പസ് എന്നിവരാണ് നേരത്തെ ചാമ്പ്യന്‍സ് ലീഗ് ഹാട്രിക്ക് സ്വന്തം പേരില്‍ കുറിച്ച അര്‍ജന്റീനക്കാര്‍.

അഞ്ചാം മിനിറ്റില്‍ ബൊനൂച്ചിയുടെ ഒരു ലോങ് പാസില്‍ നിന്നായിരുന്നു ഡിബാലയുടെ ആദ്യ ഗോള്‍. 33ാം മിനിറ്റില്‍ യുവെന്റസ് താരത്തിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയപ്പോള്‍ ഡിബാല ആ പന്ത് വലയിലെത്തിക്കുകയായിരുന്നു. 69-ാം മിനിറ്റില്‍ കൊഡ്രാഡോയുടെ പാസില്‍ നിന്ന് ഡിബാല ഹാട്രിക്ക് തികച്ചു. ഗ്രൂപ്പ് എച്ചില്‍ രണ്ട് വിജയങ്ങളോടെ ഒന്നാം സ്ഥാനത്താണ് യുവെന്റസ്.

Top