വോട്ടിങ് യന്ത്രം വെല്ലുവിളി, പാര്‍ട്ടികള്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരെന്ന് ഇലക്ഷൻ കമ്മീഷൻ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തിലെ കൃത്രിമം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്ത് രംഗത്തെത്തിയ എന്‍.സി.പി, സി.പി.എം പാര്‍ട്ടികള്‍ വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ ശ്രമിച്ചില്ലെന്ന് കമ്മീഷന്‍.

പാര്‍ട്ടികള്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നസീം സെയ്ദി വ്യക്തമാക്കി.

അതേസമയം വോട്ടിങ് യന്ത്രം വെല്ലുവിളി വിജയകരമാണോ അല്ലയോ എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള തുടര്‍ പ്രകൃയയുടെ ഭാഗം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് യന്ത്രത്തില്‍ സി.പി.എം മോക് പോള്‍ ആണ് നടത്തിയതെന്നും അവര്‍ യന്ത്രങ്ങളില്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചുവെന്നും നസീം സെയ്ദി മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ എന്‍.സി.പി അംഗങ്ങള്‍ വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനുമാണ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ നടന്ന ചില തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിങ് യന്ത്രങ്ങളിലെ തിരിമറി ആരോപിച്ച സാഹചര്യത്തിലാണ് വിശ്വാസ്യത തെളിയിക്കാന്‍ കമ്മിഷന്‍ ഹാക്കത്തോണ്‍ നടത്തിയത്. എല്ലാ പാര്‍ട്ടികള്‍ക്കും അവസരം ലഭ്യമായിരുന്നു. എന്നാല്‍ സിപിഎമ്മും എന്‍സിപിയും മാത്രമാണ് വെല്ലുവിളി സ്വീകരിക്കാന്‍ തയാറായത്.

Top