കളമശേരി സ്‌ഫോടനം; പ്രതി ഡൊമനിക് മാര്‍ട്ടിനുമായി ഇന്ന് തമ്മനത്തെ വീട്ടിലടക്കം തെളിവെടുപ്പ് തുടരും

കൊച്ചി: കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. തമ്മനത്തെ വീട്ടിലടക്കം കൂടുതല്‍ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. സ്ഫോടക വസ്തു നിര്‍മ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയിലടക്കമായിരുന്നു ഇന്നലെ തെളിവെടുപ്പ് നടത്തിയത്.

കടക്കാരന്‍ മാര്‍ട്ടിനെ തിരിച്ചറിഞ്ഞിരുന്നു. സ്ഫോടനം നടന്ന് സാംമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഈ മാസം 15നാണ് ഡൊമനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. പതിനഞ്ച് വര്‍ഷത്തിലേറെ കാലം ദുബായില്‍ ജോലി ചെയ്ത ആളാണ് മാര്‍ട്ടിന്‍. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങള്‍ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേരാണ് ഇതുവരെ മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ 19 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതമായി തുടരുകയാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.

Top