നിയമലംഘകർ ഇനി കുടുങ്ങും; എഐ ക്യാമറയെക്കുറിച്ച് അറിയേണ്ടതെല്ലാം

സംസ്ഥാന വ്യാപകമായി ട്രാഫിക് നിയമലംഘകരെ പിടികൂടുന്നതിനു ഗതാഗത വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ പ്രവർത്തന സജ്ജമാകാൻ ഒരുങ്ങുകയാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗം തീരുമാനം എടുത്തതായാണ് വിവരം. ദേശീയ, സംസ്ഥാന പാതകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകൾ ഉപയോഗിച്ചാണു നിയമലംഘകരെ കുടുക്കുന്നത്. എഐ ക്യാമറ വഴിയുള്ള പിഴ ശിക്ഷ 20നു നിലവിൽ വരും. ഏപ്രില്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ചു കെൽട്രോൺ വഴിയാണ് എഐ പദ്ധതി നടപ്പാക്കുന്നത്.

വാഹനങ്ങള്‍ തടഞ്ഞുനിര്‍‌ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍‌ക്ക് ബുദ്ധിമുട്ടുകൾ സൃഷ്‍ടിക്കുന്നത് തടയുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറയിൽ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോർ വെഹിക്കിൾ വകുപ്പ്, പോലീസ്, ജിഎസ്‍ടി വകുപ്പ് എന്നീവർക്ക് കൈമാറും.

726 ക്യാമറകളില്‍ 675 ക്യാമറകൾ ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടിയാണ് ഉപയോഗിക്കുക. അനധികൃത പാർക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും അമിത വേഗം കണ്ടുപിടിക്കുന്നതിനു നാല് ഫിക്സഡ് ക്യാമറകളും വാഹനങ്ങളിൽ ഘടിപ്പിച്ച നാല് ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാൻ 18 ക്യാമറകളും ഉണ്ടാകും. ഇതന്റെ ഏകോപനത്തിനായി 14 ജില്ലകളിലും കൺട്രോൾ റൂമുകളും തുറന്നു പ്രവർത്തിക്കും.

ക്യാമറകൾ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് അപ്പോൾ തന്നെ മെസേജ് ആയി അറിയിക്കും. അനധികൃത പാർക്കിങ്ങിന് 250 രൂപയാണു കുറഞ്ഞ പിഴ. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരുന്നാൽ 500 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണു പിഴ. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു പിടികൂടിയാൽ 2000 രൂപ പിഴ നൽകണം. ആംബുലൻസ്, ഫയര്‍ സര്‍വ്വീസ് വാഹനങ്ങള്‍, മള്‍ട്ടി കളര്‍ ലൈറ്റുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് വഴി നല്‍കിയില്ലെങ്കില്‍ ക്യാമറകള്‍ പിടികൂടും. അനധികൃത പാര്‍ക്കിംഗിനും കോടതി കയറേണ്ടിവരും. അതായത് പിഴയൊടുക്കി രക്ഷപ്പെടാൻ സാധിക്കില്ല.

ഇതിലൂടെ സർക്കാരിന് കോടിക്കണക്കിനു രൂപ പിഴ ഇനത്തിൽ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡുകളിലെ മഞ്ഞ വര മറികടക്കുക, വളവുകളിൽ വരകളുടെ അതിർത്തി കടന്ന് ഓവർടേക്ക് ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കും പിഴയുണ്ട്. നിലവിലുള്ള തുക തന്നെയാണ് ഈടാക്കുക.

ക്യാമറയുടെ പ്രവര്‍ത്തനം ഇങ്ങനെ

1. വീഡിയോ സ്‍കാനിങ്ങിലൂടെ വാഹനങ്ങളുടെ നീക്കം ചീത്രീകരിക്കും

2 തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണിന്‍റെ സെന്‍റര്‍ ഡേറ്റ ബാങ്കില്‍ ഈ ദൃശ്യങ്ങള്‍ ശേഖരിക്കും

3. ഇവ ലിസ്റ്റ് ചെയ്‍ത് ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ക്ക് നല്‍കുന്നത് മൂന്നാം ഘട്ടം

4.ഇവിടെ നിന്നും നാഷണല്‍ ഡാറ്റ ബേസിന് കൈമാറും. ഇതോടെ ഇ- ചലാൻ സൃഷ്‍ടിക്കപ്പെടും.

5. നിയമലംഘനം നടന്ന് ആറ് മണിക്കൂറിനകം വാഹന ഉടമയുടെ മൊബൈല്‍ ഫോണില്‍ സന്ദേശം എത്തും

പ്രധാന പിഴകള്‍

മൊബൈല്‍ ഉപയോഗം – 2000 രൂപ
അമിതവേഗം – 1500 രൂപ
സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ഇല്ലെങ്കില്‍ 500 രൂപ
റിയര്‍വ്യൂ മിറര്‍ ഇല്ലെങ്കില്‍ 250 രൂപ
ട്രിപ്പിള്‍ റൈഡ് 2000 രൂപ

Top