മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണം; അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നിര്‍ദേശം. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണും, കല്ലും അടിയന്തരമായി നീക്കാനും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്നും സര്‍ക്കാര്‍. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ അദാനി ഗ്രൂപ്പുമായി നടന്ന ചര്‍ച്ചയിലാണ്‌സര്‍ക്കാര്‍ നിര്‍ദേശം. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള തുടങ്ങിയവരും മന്ത്രി സജി ചെറിയാനൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.

കാലവര്‍ഷം അവസാനിക്കുന്നത് വരെ മണ്ണ് നീക്കാന്‍ കാത്ത് നില്‍ക്കരുതെന്നും പൊഴിമുഖത്ത് ആഴം കൂട്ടാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടില്ല. അടിയന്തരമായി സാന്‍ഡ് ബൈപ്പാസിങ് തുടങ്ങും. ഇതിന് 1 കോടി രൂപയും തുടര്‍ച്ചയായി സാന്‍ഡ് ബൈപ്പാസിങ്ങിന് 11 കോടി രൂപയും അനുവദിച്ചു. രണ്ട് മാസത്തിനുള്ളില്‍ ഇതിന് വേണ്ട നടപടികള്‍ ആരംഭിക്കും. ഹാര്‍ബറില്‍ ഡ്രഡ്ജിങ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം, അടിയന്തരമായി പാറയും മണലും നീക്കം ചെയ്യും.

നാളെ തന്നെ പാറകളും മണലും നീക്കാനുള്ള നടപടി തുടങ്ങും, യുദ്ധകാലാടിസ്ഥാനത്തില്‍ ഡ്രഡ്ജിങ് നടത്തും, രണ്ട് ദിവസത്തിനകം ഡ്രഡ്ജര്‍ എത്തിക്കും, പൊഴിയില്‍ സുരക്ഷയ്ക്കായി 30 പേരെ ചുമതലപ്പെടുത്തും, 6 ഹൈമാസ് ലൈറ്റുകള്‍ ഉടന്‍ സ്ഥാപിക്കും, റെസ്‌ക്യൂ ഓപ്പറേഷന് 3 ബോട്ടുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ആംബുലന്‍സ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Top