മത്സരിക്കാന്‍ സന്നദ്ധത അറിയിക്കേണ്ട സാഹചര്യമില്ല, എല്ലാം തീരുമാനിക്കുന്നത് പാര്‍ട്ടി; കെ മുരളീധരന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിക്കേണ്ട സാഹചര്യമില്ലെന്നും എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. സിറ്റിങ്ങ് എംപിമാര്‍ മാറി നില്‍ക്കേണ്ടതില്ലെന്നും എല്ലാ എംപിമാരും മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും മുരളീധരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സംവരണത്തിന് ശേഷമുള്ള 2029ലെ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി തീരുമാനത്തിനു വഴങ്ങണമെന്നാണ് ഹൈക്കമാന്റ് നിര്‍ദേശം. ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കും. താന്‍ ലോക്‌സഭയിലേക്ക് വേണമോ നിയമസഭയിലേക്ക് വേണമോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരന്‍ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുരളീധരന്‍ സ്ഥിരീകരിച്ചു. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെ സുധാകരന്‍. അത് എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

Top