‘സോഷ്യൽ മീഡിയയിൽ കുറിക്കുന്ന ഓരോ വാക്കും എന്റേത് തന്നെ’; ദുൽഖർ സൽമാൻ

ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ എത്തി നിൽക്കുന്ന ദുൽഖർ സമൂഹ മാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങൾക്ക് പുറമെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളും ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ട്വിറ്റർ പേജിൽ ആരാധകരുടെ കമന്റിന് ദുൽഖർ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

”ട്വിറ്ററിലെ ഏറ്റവും സ്വീറ്റായ താരങ്ങളിൽ ഒരാളാണ് ദുൽഖർ. അദ്ദേഹത്തിന്റെ പല ട്വീറ്റുകളും എനിക്ക് നോട്ടിഫിക്കേഷനായി വരാറുണ്ട്. ചിലപ്പോൾ ആരാധകർക്ക് പിറന്നാൾ ആശംസകൾ നേരുന്ന ദുൽഖറിനെ പോസ്റ്റുകൾ. അദ്ദേഹം വളരെ ഉദാരമനസ്കനാണ്. തന്റെ ആരാധകർക്ക് ആശംസ അറിയിക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നുവെന്നത് വിശ്വസിക്കാൻ ബുദ്ധിമുള്ള കാര്യമാണ്”, എന്നായിരുന്നു മോണിക്ക എന്ന യുവതിയുടെ കമന്റ്. എന്നാൽ, ട്വിറ്റർ കൈകാര്യം ചെയ്യുന്നത് ദുൽഖറിന്റെ ടീമാണെന്നും ഇൻസ്റ്റാ​ഗ്രാം മാത്രമാണ് നടൻ ഹാൻഡിൽ ചെയ്യുന്നതെന്നുമാണ് മറ്റൊരാൾ മോണിക്കയ്ക്ക് മറുപടി നൽകിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ദുൽഖർ ഇരുവർക്കും മറുപടിയുമായി രം​ഗത്തെത്തുകയും ചെയ്തു.

“അങ്ങനെ അല്ല, ഇതു ഞാൻ തന്നെയാണ്. നിങ്ങൾ അങ്ങനെ ഊഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ എന്റെ ടീം ഫേസ്ബുക്കിൽ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നത്. എന്നാൽ അതിലുൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്”, എന്നാണ് ദുൽഖർ മറുപടി നൽകിയത്.

Top