ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ്, ഇവാന്‍ വുകോമനോവിച്ച്

ഹൈദരാബാദ് എഫ്.സിയെ തോല്‍പ്പിച്ച് പോയിന്റ് ടേബിളിന്റെ ഒന്നാം സ്ഥാനം കൈയ്യടക്കിയിരിക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്. എന്നാല്‍ ഓരോ മത്സരവും വിലപ്പെട്ടതാണെന്ന് പറയുകയാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്.

ഈ കണക്കിലൊന്നും ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു റാങ്കിങ്ങില്‍ ഒന്നാമത് എത്തിയതിനെക്കുറിച്ച് വുകോമിനോവിച്ച് പറഞ്ഞത്. ‘ഇനിയും പത്തു മത്സരങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട് എന്നതാണ് വസ്തുത. അതിനര്‍ത്ഥം ഇനിയും മുപ്പതു പോയിന്റുകള്‍ക്കായി ഞങ്ങള്‍ പോരാടേണ്ടതുണ്ട്. ഞങ്ങള്‍ക്ക് ഓരോ മത്സരവും ഫൈനലാണ്. ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ്. ഞങ്ങള്‍ അങ്ങനെ തുടരേണ്ടതുണ്ട്. അത്തരത്തില്‍ പോയിന്റുകള്‍ നേടിയാല്‍ മാത്രമേ ഞങ്ങള്‍ക്ക് ലീഗില്‍ മുന്‍നിരയില്‍ തുടരാനാകു” വുകോമനോവിച്ച് പറഞ്ഞു.

”ലീഗിന്റെ രണ്ടാം പകുതിയില്‍ ഞങ്ങള്‍ നന്നായി പരിശ്രമിക്കും. അത് ഞങ്ങള്‍ക്ക് കൂടുതല്‍ കഠിനമായിരിക്കും. കാരണം മറ്റുള്ള ടീമുകള്‍ നന്നായി ഓര്‍ഗനൈസ്ഡ് ആയി ഇറങ്ങും. ഇന്ന് ഈ മൂന്നു പോയിന്റില്‍ ഞാന്‍ സന്തുഷ്ട്ടനാണ്. എന്റെ കുട്ടികളുടെ പ്രകടനത്തില്‍ സംതൃപ്തനാണ്. ആരാധകരും ഇന്നത്തെ കളിയില്‍ സന്തുഷ്ടരായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവര്‍ കളി ആസ്വദിച്ചു കാണുമെന്നു വിശ്വസിക്കുന്നു” വുകോമനോവിച്ച് വ്യക്തമാക്കി.

Top