അവര്‍ ബ്രിട്ടീഷ് എംപി ‘മാത്രമല്ല’; തരൂരിന് ക്ലാസെടുത്ത് അഭിഷേക് സിംഗ്വി!

ബ്രിട്ടീഷ് എംപി ഡെബ്ബി എബ്രഹാംസിനെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കാതെ തിരിച്ച് അയച്ചത് ശരിയായ നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി. പാകിസ്ഥാന്റെ രഹസ്യപ്രതിനിധിയായ എബ്രഹാംസിനെ തിരിച്ചയച്ചത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഡെബ്ബി എബ്രഹാംസിനെ തിരിച്ചയച്ച ഇന്ത്യയുടെ നടപടി അനിവാര്യമാണ്, കാരണം അവര്‍ ഒരു എംപി മാത്രമല്ല, പാക് സര്‍ക്കാരും, ഐഎസ്‌ഐയ്ക്കും ഒപ്പമുള്ള രഹസ്യ ബന്ധം കൊണ്ട് അറിയപ്പെടുന്നവരാണ്. ഇന്ത്യയുടെ പരമാധികാരത്തെ അക്രമിക്കാനുള്ള എല്ലാ ശ്രമങ്ങളും തള്ളണം’, സിംഗ്വി ട്വിറ്ററില്‍ വ്യക്തമാക്കി.

എബ്രഹാംസിനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞ ഇന്ത്യയുടെ നടപടിക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് തിരുത്തലുമായി അഭിഷേക് സിംഗ്വി എത്തിയത്. ‘കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമെങ്കില്‍ വിമര്‍ശകരെ ഇത് കാണാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാത്തത് എന്ത് കൊണ്ടാണ്? വഴങ്ങുന്ന എംപിമാരെയും, ബഹുമാനമുള്ള അംബാസിഡര്‍മാരെയും മാത്രം ടൂര്‍ കൊണ്ടുപോകുന്നതിന് പകരം ഒരു പാര്‍ലമെന്ററി ഗ്രൂപ്പിന്റെ മേധാവി വരുന്നതല്ലേ പ്രധാനം’, എന്നായിരുന്നു തരൂര്‍ ചോദിച്ചത്.

ലേബര്‍ പാര്‍ട്ടിയുടെ ഓള്‍ഡാം ഈസ്റ്റ് & സാഡില്‍വര്‍ത്ത് എംപിയായ എബ്രഹാംസ് 2018 മുതല്‍ കശ്മീരിന്റെ പേരിലുള്ള പാര്‍ലമെന്ററി ഗ്രൂപ്പ് ചെയറാണ്. അതേസമയം ഇവിസ റദ്ദാക്കിയ വിവരം മുന്‍കൂര്‍ തന്നെ എംപിയെ അറിയിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും മൂന്ന് ദിവസത്തെ പാക് സന്ദര്‍ശനത്തിന് പോകാന്‍ ലക്ഷ്യമിട്ടെത്തിയ ബ്രിട്ടീഷ് എംപിയെ തിരിച്ച് അയയ്ക്കുകയായിരുന്നു.

Top