എല്ലാ സൈന്യങ്ങളും എപ്പോഴും യുദ്ധ സജ്ജരായിരിക്കണമെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി: എല്ലാ സൈന്യങ്ങളും എപ്പോഴും യുദ്ധ സജ്ജരായിരിക്കണമെന്നും അതാണ് അവരുടെ ദൗത്യമെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.

ചൈനീസ് സായുധ സൈന്യത്തോട് തിരിച്ചടിക്കാനുള്ള ശേഷി വര്‍ധിപ്പിച്ച് യുദ്ധസജ്ജരാകാന്‍ പ്രസിഡന്റ് ഷി ചിന്‍പിങ് വീണ്ടും നിര്‍ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവേയാണ് ജനറല്‍ റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ സൈന്യവും എപ്പോഴും യുദ്ധ സജ്ജരായിരിക്കണം. അതാണ് അവരുടെ പ്രധാന ദൗത്യം. ഇതേക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ വലിയ സംഭവമൊന്നുമല്ല. ഞാനും എപ്പോഴും യുദ്ധ സജ്ജനായിരിക്കണം. സമാധാനകാലത്തും എന്തു വെല്ലുവിളികളെയും നേരിടാന്‍ നാം പരിശീലനം നേടിക്കൊണ്ടിരിക്കും. അതു പുതുമയുള്ള കാര്യമല്ല ജനറല്‍ റാവത്ത് പറഞ്ഞു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) കേന്ദ്ര കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ (സിഎംസി) ചെയര്‍മാനുമായ ഷി ചിന്‍പിങ്, സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്റെ അംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് യുദ്ധ സജ്ജരായിരിക്കാന്‍ സായുധ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇന്ത്യ-ചൈന സൈന്യങ്ങള്‍ മുഖാമുഖം വന്ന ദോക് ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായും ചിന്‍പിങ്ങിന്റെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റിന്റെ വാക്കുകളെ നിസാരവല്‍ക്കരിച്ച് കരസേനാ മേധാവി രംഗത്തെത്തിയത്.

ചൈനയുടെ അനിഷേധ്യ നേതാവായി ചിന്‍പിങ്ങിനെ വീണ്ടും പ്രതിഷ്ഠിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പത്തൊന്‍പതാം സമ്മേളനം അവസാനിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് യുദ്ധസജ്ജരാകാന്‍ സൈന്യത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കുന്നത്. ചിന്‍പിങ്ങിന്റെ പേരും പ്രത്യയശാസ്ത്രവും ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാന്‍ അനുമതി നല്‍കിയ പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ്, അദ്ദേഹത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഷി ചിന്‍പിങ്ങിനെ പാര്‍ട്ടി സ്ഥാപകന്‍ മാവോ സെദുങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കി മാറ്റുന്നതാണു ഭരണഘടനാ ഭേദഗതി.

ചൈനീസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടാണ് പ്രസിഡന്റ് പദവിയിലെ രണ്ടാമൂഴത്തിന് ഷി ചിന്‍പിങ് തുടക്കമിട്ടത്.

പുതിയ സാഹചര്യത്തില്‍, രാജ്യസുരക്ഷയുടെ കാര്യത്തിലും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ചൈനയുടെ നിലപാടു മാറ്റമാണോ ഷി ചിന്‍പിങ്ങിന്റെ പ്രഖ്യാപനങ്ങളിലൂടെ പുറത്തുവരുന്നതെന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങള്‍.

Top