നഷ്ടപരിഹാരം നല്‍കിയില്ല ; ഈജിപ്ത് വിടാനാവാതെ ‘എവര്‍ ഗിവണ്‍ ‘

കെയ്‌റോ : സൂയസ് കനാലില്‍ ട്രാഫിക് കുരുക്കുണ്ടാക്കിയ ചരക്കുകപ്പല്‍ ‘എവര്‍ ഗിവണ്‍’ ഇപ്പോഴും ഈജിപ്തില്‍ തുടരുകയാണ്‌. സൂയസ് കനാലില്‍ ട്രാഫിക് കുരുക്കുണ്ടാക്കിയ കണക്കില്‍ 8859 കോടിയോളം രൂപയാണ് ‘എവര്‍ ഗിവണ്‍’ നഷ്ടപരിഹാരമായി നല്‍കേണ്ടത്. എന്നാല്‍ സൂയസ് കനാല്‍ അതോറിറ്റി ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് കപ്പല്‍ ഇപ്പോഴും സൂയസ് കനാലില്‍ കിടക്കുന്നത്.

6  ദിവസം കനാല്‍ വഴി ചരക്കുകടത്ത് തടസ്സപ്പെട്ട വകയിലും കപ്പല്‍ രക്ഷപ്പെടുത്താന്‍ വന്ന ചെലവുമടക്കം 120 കോടി ഡോളര്‍ (8,859 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. ജപ്പാന്‍ കമ്പനിയായ ഷോയ് കിസന്‍ കൈഷയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. കനാല്‍ അതോറിറ്റി നല്‍കിയ പരാതിയില്‍ കപ്പല്‍ ഇസ്ലാമിയ നഗരത്തിലെ കോടതി കണ്ടു കെട്ടിയിരുന്നു. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി സാമ്പത്തിക കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും വിധി പുനഃപരിശോധിക്കാന്‍ അവര്‍ തയ്യാറായില്ല. എവര്‍ ഗിവണ്‍ ഇന്‍ഷൂര്‍ ചെയ്ത യുകെ ക്ലബ് ആണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

കനാലിന് നടുവില്‍ ഗ്രേറ്റ് ബിറ്റര്‍ തടാകത്തില്‍ പിടിച്ചിട്ടിരിക്കുകയാണ് രണ്ടു ലക്ഷം ടണ്‍ ചരക്കു കടത്താന്‍ ശേഷിയുള്ള കപ്പല്‍. 18,300 കണ്ടെയ്നറുകളാണ് അപകട സമയത്ത് കപ്പലിലുണ്ടായിരുന്നത്. ഡച്ച് നഗരമായ റോട്ടര്‍ഡാമിലേക്ക് യാത്രക്കിടെ മാര്‍ച്ച് 23നാണ് ചരക്കുകപ്പല്‍ മണല്‍തിട്ടയിലിടിച്ച് വഴിമുടക്കി നിന്നത്. യൂറോപ്പിനും ഏഷ്യയ്ക്കുമിടയില്‍ സഞ്ചരിക്കേണ്ട കപ്പലുകള്‍ നിശ്ചലമായതു മൂലം പ്രതിദിനം 9.3 ബില്യണ്‍ ഡോളറിന്റെ വാണിജ്യനഷ്ടമാണ് ഉണ്ടായിരുന്നത്.

Top