എവറസ്റ്റ് കീഴടക്കല്‍, വ്യാജ ചിത്രം പ്രചരിപ്പിച്ച പൊലീസ് ദമ്പതികളെ പുറത്താക്കി

പൂനെ: എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ച പോലീസ് ദമ്പതികളെ സര്‍വീസില്‍ നിന്ന് പുറത്താക്കി.

പൂനെയിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡിനും ഭാര്യ താരകേശ്വരിയെയുമാണ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടത്.

കഴിഞ്ഞ വര്‍ഷം മേയ് ആദ്യമാണ് എവറസ്റ്റ് കീഴടക്കിയ തങ്ങളാണെന്ന് അവകാശവാദവുമായി ദമ്പതികള്‍ രംഗത്തെത്തിയത്. എവറസ്റ്റിന്റെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ചിത്രം സഹിതമാണ് ഇവര്‍ രംഗത്തെത്തിയത്.

ഇതുമായി ദമ്പതികള്‍ നേപ്പാള്‍ ടൂറിസം മന്ത്രാലയത്തെ സമീപിക്കുകയും മന്ത്രാലയത്തെ തെറ്റദ്ധരിപ്പിച്ച് സര്‍ട്ടിഫിക്കറ്റും വാങ്ങിയെടുത്തിരുന്നു.

എന്നാല്‍, ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് വകുപ്പ് പ്രത്യേക സമിതിക്ക് രൂപം നല്‍കി. തുടര്‍ന്ന് സമിതി നല്‍കിയ അന്വേഷണത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്ന് കണ്ടെത്തി, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

everest-1

എവറസ്റ്റ് കീഴടക്കിയതിനെ കുറിച്ച് ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേസമയം പൊലീസ് ദമ്പതികളുടെ പ്രവൃത്തി മഹരാഷ്ട്ര പോലീസിന് അപകീര്‍ത്തിക്ക് ഇടയാക്കിയെന്നും അതിനാലാണ് ഇവരെ പുറത്താക്കിയതെന്നും അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍) സഹേബ്ര പാട്ടീല്‍ പറഞ്ഞു.

എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ദമ്പതികളാണെന്ന് അവകാശവാദവുമായി ദിനേശും തര്‍കേശ്വരിയും രംഗത്തുവരികയായിരുന്നു. എന്നാല്‍, ഇവരുടെ വാദം തെറ്റാണെന്ന് പ്രാദേശിക പര്‍വ്വതാരോഹകര്‍ വ്യക്തമാക്കി.

സംഭവം നേപ്പാള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അവരും അന്വേഷണം ആരംഭിച്ചിരുന്നു. സത്യം പുറത്തുവന്നതോടെ നേപ്പാള്‍ സര്‍ക്കാര്‍ ദമ്പതികളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തേക്ക് വിലക്കി.

Top