ഒടുവില്‍ സ്പ്രിംക്ലര്‍ ഉപേക്ഷിച്ചു; സഹകരണം തുടരേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി കൊണ്ടുവന്ന സ്പ്രിംക്ലര്‍ സോഫ്ട്‌വെയര്‍ സര്‍ക്കാര്‍ തന്നെ വേണ്ടെന്ന് വെച്ചു. കമ്പനിയുമായുള്ള 6 മാസത്തെ കരാര്‍ ഇന്ന് അവസാനിക്കവേയാണ് കരാര്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്.

സംസ്ഥാനത്തിന് ആറ് മാസം സ്പ്രിംക്ലര്‍ കമ്പനി സൗജന്യ സേവനം നല്‍കുമെന്നും അതിനുശേഷം കൂടുതല്‍ സേവനങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ തുടരാമെന്നും ഇതിന് ഒരു നിശ്ചിത നിരക്ക് ഈടാക്കുമെന്നുമായിരുന്നു നേരത്തെ കരാരില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആറ് മാസം പൂര്‍ത്തിയായതോടെ ഇനി സ്പ്രിംക്ലറുമായി സഹകരണം തുടരേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

ആദ്യ ഘട്ടത്തില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം രോഗികളുടെ വിവരങ്ങളായിരുന്നു ശേഖരിച്ചിരുന്നത്. പിന്നീട് കരാര്‍ വിവാദമാകുകയും ഹൈക്കോടതി ഇടപെട്ട് ശേഖരിച്ച വിവരങ്ങള്‍ സി-ഡിറ്റിന് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സി-ഡിറ്റോ സ്പ്രിംക്ലറോ ഇതുവരേയും വിവരങ്ങളുടെ ഫലപ്രദമായ യാതൊരു ഉപയോഗവും നടത്തിയിട്ടില്ലെന്നാണ് വിവരം.

Top