ഒടുവില്‍ മഞ്ഞുരുകി; നിയമസഭ സമ്മേളനം നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കി

ജയ്പുര്‍: ഏറെ നാളത്തെ വാഗ്വാദത്തിന് ശേഷം നിമയസഭാ സമ്മേളനം ചേരാന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 14ന് നിയമസഭ സമ്മേളനം തുടങ്ങുമെന്നാണ് സൂചന. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി നടന്ന ദിവസങ്ങള്‍ നീണ്ട ശീതയുദ്ധത്തിന് ഒടുവിലാണ് ഗവര്‍ണര്‍ നിയമസഭ കൂടാന്‍ അനുമതി നല്‍കിയത്.

21 ദിവസത്തെ നോട്ടിസ് നല്‍കിയേ നിയമസഭ വിളിക്കാന്‍ കഴിയൂ എന്ന ഗവര്‍ണറുടെ കടുംപിടിത്തത്തിനു വഴങ്ങിയ സര്‍ക്കാര്‍ ഓഗസ്റ്റ് 14നു സഭ ചേരുന്നതിനായി പുതിയ നിര്‍ദേശം സമര്‍പ്പിക്കുകയായിരുന്നു. നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യം മൂന്നാം തവണയും ബുധനാഴ്ച രാവിലെ ഗവര്‍ണര്‍ കല്‍രാജ് മിശ്ര നിരാകരിച്ചിരുന്നു. 31നു സഭ സമ്മേളിക്കണമെന്നായിരുന്നു മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവര്‍ണറെ സന്ദര്‍ശിച്ചു പ്രതിസന്ധി ഉടലെടുത്തശേഷമുള്ള നാലാമത്തെ കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരമായില്ല.

വിശ്വാസ വോട്ടു തേടുന്നതിനാണെങ്കില്‍ മാത്രമേ സഭ ഉടന്‍ സമ്മേളിക്കാന്‍ അനുമതി നല്‍കൂ എന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അല്ലാത്തപക്ഷം 21 ദിവസത്തെ നോട്ടിസോടു കൂടിയെ സഭ ചേരാന്‍ കഴിയൂ എന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ആദ്യം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്.

21 ദിവസംകൊണ്ടു കോവിഡ് പ്രശ്‌നം തീരില്ലെന്നിരിക്കെ ഇതിനെ നേരിടുന്നതു ചര്‍ച്ച ചെയ്യാന്‍ സഭ ചേരുന്നതിനു 21 ദിവസം കഴിയട്ടെ എന്നു പറയുന്ന ഗവര്‍ണറുടെ നടപടി അധാര്‍മികവും ഭരണഘടനയ്ക്കു വിരുദ്ധവും ആണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. ഗവര്‍ണറെ നയിക്കേണ്ടതു ഭരണഘടനയാണെന്നും തിരിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനു പിന്നാലെ വൈകിട്ട് സ്പീക്കര്‍ സി.പി.ജോഷി ഗവര്‍ണറെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു.

Top