സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ തിങ്കളാഴ്ചവരെയുള്ള ദിവസങ്ങളിൽ വ്യാപകമായ ശക്തമായ മഴയുണ്ടാകില്ല. അതുകൊണ്ടുതന്നെ ഇന്ന് ഒരു ജില്ലയിലും ജാഗ്രത നി‍ർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. രാവിലെ ചില ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ടായിരുന്നെങ്കിലും മഴ സാഹചര്യം മാറിയതോടെ ഉച്ചയോടെ പിൻവലിച്ചു. നാളെ മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. എന്നാൽ ഓണത്തിന് മഴ വെല്ലുവിളിയായേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഉത്രാട ദിനം മുതൽ മഴ കനത്തേക്കാനാണ് സാധ്യത. ഉത്രാട ദിനമായ ഏഴാം തിയതി സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ മഴ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തിൽ യെല്ലോ അലർട്ടായിരിക്കും.

Top