സാദിഖലി തങ്ങൾ അദ്ധ്യക്ഷനായിട്ടും രക്ഷയില്ല, മുസ്ലിംലീഗ് ഇപ്പോഴും സഞ്ചരിക്കുന്നത് “പിറകോട്ട് തന്നെ”

മുസ്ലീം ലീഗ് എന്നത് ഒരു പ്രത്യേക തരം പാർട്ടിയാണ്. അതിന്റെ ഏറ്റവും വലിയ പ്രത്യേകത ദേശീയ അദ്ധ്യക്ഷനെ നിയന്ത്രിക്കുന്നത് സംസ്ഥാന അദ്ധ്യക്ഷനാണ് എന്നതാണ്. വ്യക്തമായി പറഞ്ഞാൽ ഒരു തറവാട് നിയന്ത്രിക്കുന്ന പാർട്ടിയാണ് മുസ്ലിംലീഗ്. പാണക്കാട് തറവാട്ടിലെ മാറി മാറി വരുന്ന മുതിർന്ന തങ്ങൻമാരാണ് ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷൻമാരായി തിരഞ്ഞെടുക്കപ്പെടാറുള്ളത്. അവർ പറയുന്നത് തന്നെയാണ് ലീഗിന്റെ അവസാന വാക്ക്.

പുതിയ തലമുറയിലെ സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മുസ്ലിംലീഗ് പിൻതുടരുന്ന യാഥാസ്ഥിതിക നിലപാടുകളിൽ ഒരു മാറ്റവും വന്നിട്ടില്ലന്നതും ശ്രദ്ധേയമാണ്. ഇത്തവണയും വനിതകൾക്കും ലീഗിൽ ഭാരവാഹിത്വം നൽകിയിട്ടില്ല. നിലവിൽ പാര്‍ട്ടി അംഗത്വത്തില്‍ ഭൂരിപക്ഷം പേരും വനിതകളാണെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്താൻ ലീഗ് നേതൃത്വം തയ്യാറാകുന്നില്ല എന്നത് രാഷ്ട്രീയ കേരളം ചർച്ച ചെയ്യേണ്ട കാര്യം തന്നെയാണ്.

“വനിതകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വനിതാ ലീഗുണ്ടെന്ന” ലീഗ് നേതൃത്വത്തിന്റെ നിലപാടു തന്നെ ധിക്കരപരമാണ്. ‘സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കാൻ ഞങ്ങളൊരു സംഘടനയുണ്ടാക്കി കൊടുത്തിട്ടുണ്ടെന്നും അതിൽ മാത്രം സ്ത്രീകൾ പ്രവർത്തിച്ചാൽ മതിയെന്നതുമാണ് മുസ്ലിംലീഗ് നിലപാട്. വനിതാ ലീഗിനെ ചൂണ്ടിക്കാട്ടി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് ഇത്തരമൊരു വിചിത്ര വിശദീകരണം നൽകിയിരിക്കുന്നത്. രാജ്യത്തെ മറ്റൊരു രാഷ്ട്രീയ പാർട്ടിയും പിന്തുടരാത്ത മാതൃകയാണിത്. അതെന്തായാലും പറയാതെ വയ്യ.

സി.പി.എം, കോൺഗ്രസ്സ്, ബി.ജെ.പി തുടങ്ങി രാജ്യത്തെ മറ്റെല്ലാ പാർട്ടികളിലും സ്ത്രീകൾക്ക് മതിയായ പ്രാതിനിത്യം ഉണ്ട് എന്നതും നാം ഓർക്കണം. ഈ പാർട്ടികൾക്കും വനിതാ വിഭാഗങ്ങൾ ഉണ്ടെങ്കിലും പാർട്ടി നേതൃപദവിയിലേക്കും പാർലമെന്ററി പദവികളിലേക്കും സ്ത്രീകളെപരിഗണിക്കാൻ അതൊന്നും തടസ്സമാകാറില്ല എന്നതാണ് യാഥാർത്ഥ്യം. മുസ്ലീംലീഗ് നേതൃത്വം കണ്ടു പഠിക്കേണ്ട മാതൃകയാണിത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സ്ത്രീ സംവരണം ഇല്ലായിരുന്നു എങ്കിൽ അവിടെയും പുരുഷ മേധാവിത്വം തന്നെയായിരുന്നു ലീഗ് നടപ്പാക്കുമായിരുന്നത്. ലീഗ് നേതൃത്വം നിഷേധിച്ചാലും അതൊരു യാഥാർത്ഥ്യം തന്നെയാണ്.

പാർട്ടി പദവികളിൽ മാത്രമല്ല നിയമസഭയിലേക്കോ ലോകസഭയിലേക്കോ ഒരു വനിതയെ പോലും പരിഗണിക്കാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. “പൊതു സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ” ഉറപ്പായും തോൽക്കുന്ന സീറ്റിൽ വനിതയെ നിർത്തിയ ചരിത്രവും ലീഗിന് മാത്രം അവകാശപ്പെട്ടതാണ്. പാർട്ടിയുടെ കരുത്ത് തന്നെ സ്ത്രീ വോട്ടർമാരാണ് എന്ന് തിരിച്ചറിഞ്ഞ് അവർക്ക് പാർട്ടിയിലും പാർലമെന്ററി രംഗത്തും മതിയായ പ്രാധാന്യം നൽകാൻ ലീഗ് നേതൃത്വം തയ്യാറായില്ലങ്കിൽ പുതിയ കാലത്ത് മുന്നോട്ടു പോവുക എന്നത് മുസ്ലീംലീഗിനും ഇനി വെല്ലുവിളിയായി മാറാനാണ് സാധ്യത.

അടുത്ത മാസം നാലിനാണ് മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന കമ്മറ്റി നിലവില്‍ വരുന്നത്. വനിതകളുടെ കാര്യത്തില്‍ ഇക്കുറിയും മാറ്റമൊന്നുമുണ്ടാകില്ലെന്നത് ഉറപ്പാണ്. 19 അംഗ സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് വനിതകളെ പരിഗണിക്കേണ്ടെന്ന് തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടിക്ക് 2.50 ലക്ഷം അംഗങ്ങള്‍ പുതിയതായി വന്നെന്നാണ് ലീഗ് നേതൃത്വം അവകാശപ്പെടുന്നത് ഈ കണക്കുകൾ പ്രകാരം ആകെ അംഗങ്ങളില്‍ 51 ശതമാനവും വനിതകളാണ്. പക്ഷേ ഈ പ്രാതിനിധ്യം അംഗത്വത്തില്‍ മാത്രം മതിയെന്നതാണ് പാര്‍ട്ടിയുടെ പൊതുവായ തീരുമാനം.

സാദിഖലി തങ്ങള്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വന്നപ്പോള്‍ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നതിന്റെ സൂചനകള്‍ കണ്ടിരുന്നു എങ്കിലും അതെല്ലാം ലീഗിലെ വനിതകളുടെ സ്വപ്നം മാത്രമായാണ് അവശേഷിക്കാൻ പോയുന്നത്. ഹരിതാ വിവാദത്തിന് പിന്നാലെ പോഷക സംഘടനകളില്‍ വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം നല്‍കാൻ ലീഗ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. മാത്രമല്ല കഴിഞ്ഞ 25 വര്‍ഷത്തിനു ശേഷം മുസ്ലീംലീഗ് ഒരു വനിതയെ നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനമെടുത്തപ്പോഴും വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയായാണ് അത് വിലയിരുത്തപ്പെട്ടിരുന്നത്.

എന്നാൽ പുതിയ സംസ്ഥാന നേതൃത്വം നിലവില്‍ വരുമ്പോള്‍ ഭാരവാഹിപ്പട്ടികയിലേക്ക് ഒരു വനിതയെ പോലും ഉൾപ്പെടുത്താതെ ലീഗ് അതിന്റെ പിന്തിരിപ്പൻ പാരമ്പര്യം തന്നെയാണ് വീണ്ടും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത്. ഒരു സ്ത്രീ സാന്നിധ്യം പോലും ഇല്ലാതെ 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റും 75 അംഗ സംസ്ഥാന പ്രവര്‍ത്തക സമിതിയും 500അംഗം സംസ്ഥാന കൗണ്‍സിലുമാണ് മുസ്ലീംലീഗിൽ നിലവില്‍ വരാൻ പോകുന്നത്. വിവര സാങ്കേതിക വിദ്യയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഈ പുതിയ കാലത്തും പിറകോട്ട് സഞ്ചരിക്കാനാണ് ലീഗ് നേതൃത്വം താൽപ്പര്യപ്പെടുന്നത് എന്നത് ആ പാർട്ടിയുടെ പിന്തിരിപ്പൻ മുഖത്തെയാണ് തുറന്നു കാണുക്കുന്നത്. അതെന്തായാലും… പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top