രാജ്യത്തിനെതിരെ വാക്കാലുള്ള വിമര്‍ശനം പോലും കുറ്റകരം; പുതിയ നിയമത്തില്‍ കടുത്ത ശിക്ഷകള്‍

ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന രാജ്യദ്രോഹക്കുറ്റം പൂര്‍ണമായി പിന്‍വലിക്കുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പുതിയ ക്രിമിനല്‍ നിയമങ്ങള്‍ അവതരിപ്പിച്ച് കൊണ്ട് അവകാശവാദം ഉന്നയിച്ചത്. എന്നാല്‍, ബ്രിട്ടിഷുകാരുടെ ഭരണം സംരക്ഷിക്കാന്‍ തയാറാക്കിയ നിയമങ്ങളെ, ജനങ്ങളെ സംരക്ഷിക്കാനുള്ള നിയമങ്ങളാക്കി മാറ്റുകയാണെന്ന മന്ത്രിയുടെ വാദത്തില്‍ കഴമ്പു കാണുന്നുമില്ല. പുതിയ വ്യവസ്ഥകളില്‍ ചിലതെങ്കിലും ഭരണസംവിധാനത്തിന് ജനങ്ങളുടെ വിമര്‍ശനങ്ങളില്‍നിന്നു കൂടുതല്‍ സംരക്ഷണം നല്‍കുകയുമാണ്.

രാജ്യദ്രോഹക്കുറ്റം തന്നെ ഉദാഹരണം. വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ അതൃപ്തിയോ, അനിഷ്ടമോ, വെറുപ്പോ ഉണ്ടാക്കല്‍ എന്നാണ് നിലവില്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ നിര്‍വചനം. ഇതിന് പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.

പുതിയ നിയമത്തില്‍ ‘രാജ്യദ്രോഹം’ എന്ന പേരു മാറ്റിയെങ്കിലും രാജ്യത്തിനെതിരെയെന്നു കരുതാവുന്ന വാക്കാലുള്ള വിമര്‍ശനം പോലും കുറ്റകരമാക്കുകയാണ്. ഭരണപരിഷ്‌കാരം ഉദ്ദേശിച്ച് നിലവിലുള്ള ഭരണസംവിധാനത്തെ വിമര്‍ശിക്കുന്നതുപോലും ഇതോടെ കുറ്റകരമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അപകടത്തിലാക്കുന്നതാണ് ഈ വകുപ്പ് പറയുന്നത്. ജീവപര്യന്തം തടവോ അല്ലെങ്കില്‍ 7 വര്‍ഷം വരെ തടവും പിഴയുമോ ശിക്ഷയായി ലഭിക്കാം.

രാജ്യദ്രോഹ കുറ്റം കാലഹരണപ്പെട്ടതാണെന്നും കേസെടുക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും മെയ് 11ന് സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭേദഗതികളോടെ രാജ്യദ്രോഹ കുറ്റം നിലനിര്‍ത്താമെന്നാണ് നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ഫലത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് കുറച്ചുകൂടി കൃത്യമായ നിര്‍വചനം നല്‍കി ശിക്ഷ കൂട്ടുകയാണ് പുതിയ ബില്ലില്‍ ചെയ്തിട്ടുള്ളത്.

വധശിക്ഷ മറ്റൊരുദാഹരണം. നിലവില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകക്കേസുകളില്‍ മാത്രമേ വധശിക്ഷ വിധിക്കൂ. പുതിയ വ്യവസ്ഥകളനുസരിച്ച് ആള്‍ക്കൂട്ടക്കൊല, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കല്‍ എന്നിവയും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നിയമവ്യവസ്ഥയിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും ലളിതമാക്കുകയും ചെയ്യുന്നതോടെ ജനങ്ങള്‍ക്കു നീതി ലഭിക്കാനുള്ള അവസരം ലഭിക്കുകയാണ്. ആ അര്‍ഥത്തില്‍ നിയമങ്ങള്‍ കൂടുതല്‍ ജനപക്ഷമാകുന്നു. വിചാരണത്തടവുകാരെ അവര്‍ക്ക് ലഭിക്കാവുന്ന ശിക്ഷയുടെ മൂന്നിലൊന്നുകാലം തടവില്‍ കഴിഞ്ഞാല്‍ കോടതിയെ അറിയിച്ച് ജാമ്യം നേടിക്കൊടുക്കണമെന്ന വ്യവസ്ഥയും ഉദാര സമീപനമായി കാണാം.

നീതി നടപ്പാക്കുന്നതില്‍ സംഭവിക്കുന്ന കാലതാമസം കണക്കിലെടുത്തുള്ള നിയമപരിഷ്‌കാരത്തിനും ശ്രമമുണ്ട്. പൊലീസില്‍ പരാതി നല്‍കിയാല്‍ 90 ദിവസത്തിനകം മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥരെ ബാധ്യസ്ഥരാക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി 120 ദിവസത്തിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ അതു ലഭിച്ചതായി കണക്കാക്കി നടപടികള്‍ അനുവദിക്കുക, കേസ് നടത്തിപ്പില്‍ 2 അവധി മാത്രം അനുവദിക്കുക, ചെറിയ കുറ്റങ്ങളില്‍ ഹ്രസ്വവിചാരണ നടത്തി തീര്‍പ്പാക്കുക തുടങ്ങിയ വ്യവസ്ഥകളുണ്ട്. സമന്‍സ് ഇമെയിലായും എസ്എംഎസായും അയയ്ക്കുക, തെളിവെടുപ്പും ഡിജിറ്റല്‍ സംവിധാനത്തിലാക്കുക തുടങ്ങി കോടതികളുടെ നടത്തിപ്പിനു ഗതിവേഗം നല്‍കുന്ന വകുപ്പുകളും ജനങ്ങള്‍ക്ക് ആശ്വാസമാകും.

തെളിവു രേഖപ്പെടുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ തന്നെ വിചാരണക്കോടതിയിലെത്തി സാക്ഷ്യം നല്‍കേണ്ടതില്ല. വിചാരണസമയത്ത് ആ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മൊഴി നല്‍കിയാല്‍ മതി. എന്നാല്‍, ഈ മൊഴി ചോദ്യം ചെയ്യപ്പെട്ടാല്‍ വിചാരണ നീണ്ടുപോകില്ലേ എന്ന ചോദ്യം ബാക്കി.

നിയമവ്യവസ്ഥയില്‍ മാറ്റമുണ്ടാക്കുന്നതാണെങ്കിലും നീതിന്യായവ്യവസ്ഥയുടെ ആത്യന്തിക സിദ്ധാന്തത്തില്‍ മാറ്റത്തിനു ശ്രമിച്ചിട്ടില്ല. കുറ്റം ആരോപിക്കുന്നവര്‍ക്ക് അത് തെളിയിക്കാനുള്ള ബാധ്യത, സംശയത്തിന്റെ ആനുകൂല്യം കുറ്റാരോപിതര്‍ക്ക് എന്നിങ്ങനെ ആംഗ്ലോ-സാക്‌സണ്‍ നിയമവ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ മാറ്റമില്ല.

Top