ബേലൂർ മഖ്നയെ ഇന്നും മയക്കുവെടിവയ്ക്കാൻ സാധിച്ചില്ല;ദൗത്യം നീളും

സർവ സന്നാഹങ്ങളുമായി വനപാലക സംഘം ശനിയാഴ്ചയും ബേലൂർ മഖ്നയുടെ പുറകെ നടന്നെങ്കിലും മയക്കുവെടിവയ്ക്കാൻ സാധിച്ചില്ല. ദൗത്യത്തിലുണ്ടായിരുന്ന കുങ്കിയാനകളിലൊന്നിലെ ബേലൂർ മഖ്ന ആക്രമിക്കാനും ശ്രമിച്ചു. ബേലൂർ മഖ്നയ്‌ക്കൊപ്പം ഇന്നും രണ്ടാമത്തെ മോഴയാനയുണ്ടായിരുന്നു. ഇതിനെ ദൗത്യസംഘം ഓടിച്ചുവിട്ടു. വെള്ളിയാഴ്ച രാത്രിയിൽ റോഡ് മുറിച്ച് കടന്ന ആന മണ്ണുണ്ടി ഭാഗത്തേക്കാണു വീണ്ടുമെത്തിയത്. ശനിയാഴ്ച പകൽ മുഴുവനും മയക്കുവെടി സംഘം കിണച്ചുശ്രമിച്ചിട്ടും ലക്ഷ്യം കാണാനായില്ല.

നോർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂർ നോർത്ത്, സൗത്ത് മണ്ണാർക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള ആർആർടി സംഘങ്ങൾ അടക്കമുള്ള 200 ഓളം വനം വകുപ്പ് ജീവനക്കാരാണ് ഏഴു ദിവസമായി ആനയെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയും മുൻപ് കർണാടകയിൽനിന്ന് ബേലൂർ മഖ്നയെ മയക്കുവെടിവച്ച സംഘത്തിലെ അംഗങ്ങളടക്കമുള്ള 25 പേരടങ്ങുന്ന കർണാടക വനപാലകരും ഒപ്പമുള്ളത് തിരച്ചലിൽ പങ്കെടുക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. മുത്തങ്ങ ആനപ്പന്തിയിൽനിന്ന് എത്തിച്ച 4 കുങ്കിയാനകളും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.

മുൻപ് ഒരുവട്ടം മയക്കുവെടി വച്ച് പിടികൂടിയതിനാൽ കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലാക്കി മോഴയാന ഉൾവനത്തിലേക്ക് പിൻവാങ്ങുന്നതും പൊന്തക്കാടുകളും ദൗത്യസംഘത്തിനു തലവേദന ഉണ്ടാക്കുന്നുണ്ട്.

Top