സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ഇനി യുപിഐ ഇടപാട് നടത്താം

 

സ്മാര്‍ട് ഫോണില്ലാത്തവര്‍ക്കും യുപിഐ ഇടപാട് നടത്താനുള്ള സംവിധാനവുമായി പൊതുമേഖലാ ബാങ്കായ പിഎന്‍ബി. ഇന്റര്‍നെറ്റ് ഇല്ലാതെ സാധാരണ ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള പുതിയ സേവനം ആണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അവതരിപ്പിച്ചത്. പണമിടപാട് നടത്താനും ബാങ്ക് ബാലന്‍സ് അറിയാനുമെല്ലാം ഇനിമുതല്‍ ‘യുപിഐ 123പേ’ (UPI 123PAY) സേവനം ഉപയോഗിക്കാം. ഐവിആര്‍ അധിഷ്ഠിത യുപിഐ സൊല്യൂഷന്‍ അവതരിപ്പിക്കുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.

 

സാധാരണ രീതിയില്‍ സ്മാര്‍ട് ഫോണുകളിലൂടെ മാത്രമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് സൗകര്യം ലഭ്യമാവുകയുള്ളു. ഇതിന് മികച്ച ഇന്റ്‌നെറ്റ് കണക്ടിവിറ്റി കൂടി ആവശ്യമാണ്. എന്നാല്‍ ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സിനെ അടിസ്ഥാനമാക്കിയുള്ള യുപിഐ 123 പേ സംവിധാനം പ്രകാരം ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലുള്ളവര്‍ക്കും, ഏത് ഫോണ്‍ ഉപയോക്താക്കള്‍ക്കും യുപിഐ ഇടപാടുകള്‍ സുഗമമായി നടത്താം.

ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗവും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സൗകര്യവുമില്ലാത്ത ഗ്രാമീണര്‍ക്ക് കൂടി സഹായകരമാകുന്നതിന് വേണ്ടിയും, അത്തരം ആളുകളെക്കൂടി ഡിജിറ്റല്‍ പണമിടപാടിന്റെ ഭാഗമാക്കുന്നതിന്റെയും ഭാഗമായാണ് യുപിഐ 123 പേ സംവിധാനം അവതരിപ്പിച്ചതെന്നുമാണ് ബാങ്ക് വ്യക്തമാക്കുന്നത്. ഇത് വഴി ഏത് ഫോണും കൈവശമുള്ളവര്‍ക്കും ഇന്ത്യയില്‍ എവിടെ നിന്നും യുപിഐ വഴി പേയ്മെന്റുകള്‍ നടത്താം.

യുപിഐ 123 പേ സംവിധാനം ഉപയോഗിക്കും വിധം

ആദ്യം -ബാങ്കിന്റെ ഐവിആര്‍ നമ്പര്‍ ആയ 9188-123-123 ഡയല്‍ ചെയ്യുക

പണം അയക്കേണ്ട ഗുണഭോക്താവിനെ തിരഞ്ഞെടുക്കുക

ഇടപാട് സ്ഥിരീകരിക്കുക

യുപിഐ 123 പേ വഴി ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുത്ത് ഇടപാട് നടത്താനുള്ള സംവിധാനവുമുണ്ട്.

Top