തരൂരിൽ കോൺഗ്രസ്സ് നേതാക്കൾക്ക് പോലും വിശ്വാസമില്ല, പിന്നയല്ലേ . . . ?

വിശ്വാസം അതു തന്നെയാണ് ജനങ്ങളെ സംബന്ധിച്ചും എല്ലാം. ഇക്കാര്യം കോണ്‍ഗ്രസ്സ് നേതാക്കള്‍ ശരിക്കും ഓര്‍ക്കുന്നത് നല്ലതാണ്. പ്രകടനപത്രിക തയ്യാറാക്കാന്‍ തരൂരല്ല സാക്ഷാല്‍ സോണിയ ഗാന്ധി വന്നാല്‍ പോലും ജനങ്ങളാണ് വിലയിരുത്തല്‍ നടത്തേണ്ടത്. അതല്ലാതെ കോണ്‍ഗ്രസ്സ് നേതാക്കളല്ല. കേവലം തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി മാത്രമാണ് പ്രകടന പത്രികയെ കോണ്‍ഗ്രസ്സ് ഇക്കാലമത്രയും നോക്കി കണ്ടിരിക്കുന്നത്. പ്രകടന പത്രികയില്‍ പറഞ്ഞ എത്ര കാര്യങ്ങള്‍ നടപ്പാക്കി എന്നു ചോദിച്ചാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും കൈമലര്‍ത്തും. അതാണ് രാജ്യത്തെ അവരുടെ നിലവിലെ അവസ്ഥ. കോണ്‍ഗ്രസ്സ് ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന രാജസ്ഥാനില്‍ എന്തൊക്കെ കാര്യങ്ങള്‍ നടപ്പാക്കി എന്നത് കേരള നിരീക്ഷകനായ ഹൈക്കമാന്റ് നിയോഗിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലാട്ടും തുറന്ന് പറയണം. രാഷ്ട്രീയ കേരളം ആ മറുപടി ആഗ്രഹിക്കുന്നുണ്ട്.

ഇവിടെ ബെന്നി ബെഹന്നാന്റെ നേതൃത്വത്തില്‍ പ്രകടന പത്രിക തയ്യാറാക്കാനായി ടീമിനെ ഇറക്കിയതിന് പിന്നാലെയാണ് തരൂരിന് പ്രകടന പത്രിക തയ്യാറാക്കാനായി പ്രത്യേക ചുമതല നല്‍കിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ‘കോണ്‍ഗ്രസ് തന്ത്രങ്ങളുടെ മുന്‍നിരയിലേക്ക് ശശി തരൂര്‍’ എന്നാണ് മാധ്യമങ്ങളും വാര്‍ത്തകള്‍ പടച്ചു വിട്ടിരിക്കുന്നത്. പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള ചുമതല ശശി തരൂരിന് നല്‍കാന്‍ തിരുവനന്തപുരത്ത് ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇതോടെ ബെന്നി ബഹന്നാന്റെ ടീമാണ് യഥാര്‍ത്ഥത്തില്‍ അപ്രസക്തമായിരിക്കുന്നത്. പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരളം മുഴുവന്‍ ശശി തരൂര്‍ പര്യടനം നടത്തുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാകും പ്രകടനപത്രികയെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും അവകാശപ്പെടുന്നത്. വീമ്പിളക്കാന്‍ നാവും അത് പ്രചരിപ്പിക്കാന്‍ കുത്തക മാധ്യമങ്ങളും ഉണ്ടായാല്‍ എല്ലാം തികഞ്ഞു എന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നതെങ്കില്‍ വലിയ തിരിച്ചടിയാണ് ആ പാര്‍ട്ടിക്ക് ഇനിയും നേരിടേണ്ടി വരിക. ശശി തരൂര്‍ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് വലിയ സംഭവമല്ലെന്നത് ആദ്യം നിങ്ങള്‍ മനസ്സിലാക്കണം. തരൂരിന്റെ വാക്കുകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ ഒരു വിലയും നല്‍കിയിട്ടില്ല. പാര്‍ട്ടി ദേശീയ നേതൃത്വം മാറണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയവരില്‍ പ്രമുഖനാണ് ശശി തരൂര്‍. ഈ തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ളവരും പരസ്യമായി പരിഹസിച്ചിരുന്നത്.

ഇങ്ങനെയുള്ള ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റ്’ തയ്യാറാക്കുന്ന പ്രകടനപത്രിക കോണ്‍ഗ്രസ്സുകാര്‍ക്ക് സ്വീകാര്യമാണോ എന്ന കാര്യമാണ് ആദ്യം നേതാക്കള്‍ വ്യക്തമാക്കേണ്ടത്. തരൂരില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കില്ലാത്ത വിശ്വാസം മറ്റുള്ളവര്‍ക്കുണ്ടാകുമെന്ന് ഒരിക്കലും ധരിക്കരുത്. തരൂരില്‍ മാത്രമല്ല കോണ്‍ഗ്രസ്സില്‍ തന്നെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായത് കൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിലും വലിയ തിരിച്ചടി യു.ഡി.എഫിന് നേരിടേണ്ടി വന്നിരിക്കുന്നത്. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാനുള്ള മനസ്സാണ് ആദ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടത്. അധികാരത്തില്‍ എത്തിയാല്‍ പറഞ്ഞതെല്ലാം വിഴുങ്ങുന്നവരെ ജനം ചവിട്ടി പുറത്താക്കുക തന്നെ ചെയ്യും. അങ്ങനെ പുറത്താക്കപ്പെട്ടത് കൊണ്ടാണ് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഖദര്‍ ഇപ്പോള്‍ കാവിയണിഞ്ഞിരിക്കുന്നത്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമാകുകയില്ല. ഇത്തവണ ഭരണം കിട്ടിയില്ലങ്കില്‍ വീരശൂര പരാക്രമികളായ കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും കാവിയണിയാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇവിടെയാണ് ഇടതുപക്ഷവും സി.പി.എമ്മും വ്യത്യസ്തമാകുന്നത്. ഭരണം ലഭിച്ചാലും ഇല്ലെങ്കിലും കാവി രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടാന്‍ ചെമ്പടയുണ്ടാകും. ഭരണപക്ഷത്തുള്ളതിനേക്കാള്‍ ചുവപ്പിന് വീര്യം കൂടുന്നതും പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. അതാണ് ചരിത്രവും. അതേസമയം മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഭരണ തുടര്‍ച്ചക്കുള്ള എല്ലാ സാധ്യതയും കേരളത്തിലുണ്ട്. അതിന് പ്രധാന കാരണം പിണറായി സര്‍ക്കാറിനുള്ള വമ്പിച്ച ജനപിന്തുണയാണ്. കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക പോലെ ‘കണ്‍കെട്ട് വിദ്യയല്ല’ ഇടതിന്റെ പ്രകടന പത്രിക. നടപ്പാക്കുമെന്ന് നൂറ് ശതമാനവും ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമേ ചെങ്കൊടി പ്രസ്ഥാനം പറയുകയൊള്ളു. അവയെല്ലാം നടപ്പാക്കി കാണിച്ചു കൊടുക്കുകയും ചെയ്യും.

ഇത്തവണ ഇടതുപക്ഷ സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞത് മാത്രമല്ല അതിനപ്പുറവും നടപ്പാക്കിയാണ് ജനങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഈ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും തന്നെയാണ് തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ തുറുപ്പ് ചീട്ട്. വിശ്വാസം . . . അത് ഇടതുപക്ഷത്തില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും ഏറെയുണ്ട്. കോണ്‍ഗ്രസ്സിനോടും യു.ഡി.എഫിനോടും ജനങ്ങള്‍ക്കില്ലാത്തതും അതു തന്നെയാണ്. ഈ സാഹചര്യത്തില്‍ തരൂരല്ല ആര് തന്നെ പ്രകടന പത്രിക സൃഷ്ടിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കാനാണ് ആദ്യം കോണ്‍ഗ്രസ്സ് ശ്രമിക്കേണ്ടത്. അതല്ലാതെയുള്ള പൊടിക്കൈകള്‍ എല്ലാം കെപ്പത്തിയെ കൂടുതല്‍ പൊള്ളിക്കുകയാണ് ചെയ്യുക. ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതായിരിക്കും.

 

Top