കോണ്‍ഗ്രസ് പോലും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി ഉയര്‍ത്തി കാട്ടുന്നില്ല: വി മുരളീധരന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ എംപി വേണോ ഭരണപക്ഷത്തെ എംപി വേണോ എന്നതാണ് ജനങ്ങള്‍ നോക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. താന്‍ സ്ഥാനാര്‍ത്ഥിയാകുന്ന ആറ്റിങ്ങല്‍ കേരളത്തില്‍ ബിജെപിക്ക് ഏറ്റവും ജയസാധ്യതയുള്ള മണ്ഡലമാണ്. ജയിച്ചാല്‍ താന്‍ കേന്ദ്രമന്ത്രി ആകുമോ എന്ന് പ്രധാനമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ മേന്മയല്ല, കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ആറ്റിങ്ങലിലെ തന്റെ വിജയ സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സ്വധീനിക്കില്ല. കഴിഞ്ഞ തവണ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് ഉയര്‍ത്തിക്കാട്ടിയത്. ഇപ്പോള്‍ ആരെങ്കിലും അങ്ങനെ പറയുന്നുണ്ടോ? കോണ്‍ഗ്രസ് പോലും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി ഉയര്‍ത്തി കാട്ടുന്നില്ല. കോണ്‍ഗ്രസിന്റെ നില അതീവ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി ഒന്നും കാണാതെ പറഞ്ഞതല്ല. എത്ര സീറ്റ് കിട്ടും എന്നു ഞാന്‍ പ്രവചിക്കുന്നില്ല. പിസി ജോര്‍ജിന്റെ പരാതി പരിഹരിക്കാന്‍ നടപടി ഉണ്ടാകും. പിസി ജോര്‍ജ്ജ് പറഞ്ഞത് താന്‍ കേട്ടിട്ടില്ല. ആര്‍ക്കെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരാതി ഉണ്ടെങ്കില്‍ അത് പരിഹരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Top